ചണ്ഡിഗഡ്: തെരഞ്ഞെടുപ്പിൽ ഏറ്റ തോൽവിയെ താൻ അം​ഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല. ഹരിയാനയിലെ കൈതാല്‍ നിയമസഭാ സീറ്റില്‍ നിന്നുമാണ് സുർജേവാല മത്സരിച്ചത്. ബിജെപിയുടെ ലീലാ റാമിനോട് 530 വോട്ടുകള്‍ക്കാണ് സുർജേവാല തോൽവി നേരിട്ടത്.

രണ്ടുതവണ കൈതാലിൽ നിന്നും മത്സരിച്ച് എംഎൽഎ ആയ വ്യക്തിയാണ് സുർജേവാല. 2014, 2009 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം കൈതാലില്‍ നിന്നും വിജയിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കൈതാലിലെ ജനങ്ങൾ അദ്ദേഹത്തെ പിന്തുണച്ചില്ല. കൈതാലിലെ ജനങ്ങളുടെ തീരുമാനം വിനയത്തോടെ സ്വീകരിക്കുന്നതായി സുർജേവാല ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഹരിയാനയിൽ പാർട്ടിയുടെ പ്രകടനത്തെ പറ്റി ചോദിച്ചപ്പോൾ, പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നായിരുന്നു സുര്‍ജേവാലയുടെ മറുപടി.

അതേസമയം, ജനനായക് ജനതാ പാർട്ടി, ഐഎൻഎൽഡി പാ‍ർട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ ഹരിയാനയിൽ സുസ്ഥിര സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. ഹരിയാനയിൽ ജനവിധി ബിജെപിക്ക് എതിരാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read More: ഹരിയാനയിൽ ബിജെപി വിരുദ്ധ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്: കർണാടക മോ‍ഡൽ സർക്കാരിന് സാധ്യത