Asianet News MalayalamAsianet News Malayalam

ഹരിയാനയിൽ ബിജെപി വിരുദ്ധ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്: കർണാടക മോ‍ഡൽ സർക്കാരിന് സാധ്യത

ഹരിയാനയിൽ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി കോൺഗ്രസ്. ജെജെപിയുടെ പിന്തുണ കൂടി നേടാനായാൽ സർക്കാർ രൂപീകരിക്കും. കോൺഗ്രസ് പാളയത്തിൽ വിജയാഘോഷം...

Haryana likely to have anti-BJP government
Author
Haryana, First Published Oct 24, 2019, 3:59 PM IST

ചണ്ഡീഗഡ്: ജനനായക് ജനതാ പാർട്ടി, ഐഎൻഎൽഡി പാ‍ർട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ ഹരിയാനയിൽ സുസ്ഥിര സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ. ഹരിയാനയിൽ ജനവിധി ബിജെപിക്ക് എതിരാണെന്നും ഭൂപീന്ദർ സിംഗ് ഹൂ‍ഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 90  അംഗ നിയമസഭയിലെ മാന്ത്രിക സംഖ്യയായ 46  ലേക്ക് എത്താൻ ആർക്കും കഴിയാതെ ആയതോടെയാണ് ചെറുപാർട്ടികളെ ഒപ്പം നിർത്തി സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് നീക്കം നടത്തുന്നത്.

ഇതോടെ മറ്റൊരു കർണാടക പിറക്കാനുള്ള സാധ്യതയാണ് ഹരിയാനയിൽ ഉയരുന്നത്. 11  സീറ്റുകളിൽ മുൻതൂക്കം ഉള്ള ജെജെപിയുടെ നിലപാടാകും ഹരിയാനയിൽ ഇനി നിർണായകം ആകുക. മുഖ്യമന്ത്രി പദം നൽകുന്നവർക്കൊപ്പം നിൽക്കുമെന്ന് ജെജെപി സ്ഥാനാർത്ഥി പ്രഖ്യാപിച്ചതോടെ ഏതുവിധേനയും അവരെ ഒപ്പം നിർത്താനാണ് കോൺഗ്രസ് ശ്രമം. ഇതിനോടകം ദില്ലിയിലെ കോൺഗ്രസ് പാളയത്തിൽ വിജയാഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.എങ്കിലും അന്തിമഫലത്തിന് ശേഷം ആകും സർക്കാർ രൂപീകരണം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുക. നിലവിൽ ലീ‍ഡ് നിലയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടിയ ഐഎൻഎൽഡി കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങിയെന്നതും ഹരിയാനാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി.

 

Read More: ഹരിയാനയിൽ അടിപതറി ബിജെപി, എല്ലാ കണ്ണും ദുഷ്യന്ത് ചൗട്ടാലയിലേക്ക്

അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി കോൺഗ്രസ്

ഹരിയാനയുടെ രാഷ്ട്രീയ ഭൂപടത്തിൽ അതു വരെ സ്ഥാനമില്ലാതിരുന്ന ബിജെപി 2014ൽ നേടിയ അട്ടിമറി വിജയത്തിൽ തകർന്നു തരിപ്പണമായിരുന്നു കോൺഗ്രസ്. മനോഹർ ലാൽ ഖട്ടാർ എന്ന നേതാവിന്റെ കാലഘട്ടമായിരുന്നു പിന്നീട്. ഒന്നൊഴിച്ച് ബാക്കി എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും 75 സീറ്റെങ്കിലും നേടി ബിജെപി തന്നെ അധികാരത്തിൽ തിരികെ എത്തുമെന്ന് പ്രവചിച്ചു. ഇന്ത്യാ ടു‍ഡേയുടെ ആക്സിസ് മൈ ഇന്ത്യ സർവേ മാത്രമാണ് ബിജെപിക്കും കോൺഗ്രസിനും തുല്യസാധ്യത പ്രവചിച്ചത്. ആ പ്രവചനം സത്യം ആയിരിക്കുന്നു.

Read More: ഹരിയാനയിൽ ബിജെപി ഇതര സർക്കാർ വരുമോ? മുഖ്യമന്ത്രി പദം നൽകുന്നവർക്ക് ഒപ്പമെന്ന് ദുഷ്യന്ത് ചൗട്ടാല

നേതൃത്വത്തെ പോലും തെറ്റിച്ചു കൊണ്ടുള്ള തിരിച്ചു വരവാണ് ഹരിയാനയിൽ കോൺഗ്രസ് നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15  സീറ്റ് ആയി ചുരുങ്ങിയിടത്ത് നിന്ന് മുപ്പതിൽപരം സീറ്റുകൾ നേടാൻ ഇക്കുറി കോൺഗ്രസിന് കഴിഞ്ഞു. ഉൾപ്പാർട്ടി പോരിനെ തുടർന്ന് പ്രചാരണ രംഗത്ത് അടക്കം ഏറെ പിന്നിലേക്ക് പോയ പാർട്ടിയെ മികച്ച പ്രകടനത്തിലേക്കെത്തിക്കാൻ എന്തായാലും ഭൂപീന്ദർ സിംഗ് ഹൂ‍ഡക്ക് ആയി.

കനത്ത തിരിച്ചടി നേരിട്ട് ബിജെപി

മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ വികസന പ്രവർത്തനങ്ങൾ രണ്ടാം വട്ടവും അധികാരം നൽകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ പത്തും നേടിയ ബിജെപി വിജയം ആ ആത്മവിശ്വാസം പിന്നെയും ഉയർത്തി. എന്നാൽ ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റി. ജാട്ട് വോട്ടുകളുടെ ധ്രുവീകരണം ആണ് തിരിച്ചടിക്ക് പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്. കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ഹരിയാന ബിജെപി അദ്ധ്യക്ഷൻ രാജി വച്ചു.

Read More: ടിക് ടോക് താരത്തെ ഇറക്കിയിട്ടും രക്ഷയില്ല; ഹരിയാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടി

നിർണായക സ്വാധീനശക്തിയായ ജാട്ട് സമുദായംഗങ്ങളുടെ വോട്ടുകൾ കോൺഗ്രസിലേക്കും ജെജെപിയിലേക്കും വിഘടിച്ച് പോയി. ജാട്ട് സമുദായ അംഗങ്ങളുടെ സംവരണപ്രക്ഷോഭത്തോട് കണ്ണടച്ച ബിജെപി സർക്കാരിന് കനത്ത വില തന്നെ നൽകേണ്ടി വന്നു. മുഖ്യമന്ത്രി എന്ന നിലയിൽ മനോഹർ ലാൽ ഖട്ടാറിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയ പ്രചാരണങ്ങളും വിലപ്പോയില്ല.

നിർണായക ശക്തിയായി ജനനായക് ജനതാ പാർട്ടി

ഒരു കാലത്ത് ഹരിയാന രാഷ്ട്രീയത്തിലെ പ്രബലരായ ചൗട്ടാല കുടുംബത്തിന്റെ പിൻഗാമികൾ വീണ്ടും അധികാരത്തിൽ നിർണായകശക്തിയാകുന്ന കാഴ്ചക്കും ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുകയാണ്. ദേവിലാൽ കുടുംബത്തിലെ യഥാർത്ഥ പിന്തുടർച്ചവകാശി എന്ന വാദവുമായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ജനനായക് ജനതാ പാർട്ടിയുടെ വരവ്. കന്നി അംഗത്തിൽ തന്നെ ഹരിയാനക്കാരുടെ മനസിൽ ആ തോന്നൽ ഉണ്ടാക്കാൻ ജെജെപിക്ക് കഴിയുകയും ചെയ്തു. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെയും അപ്രസക്തമാക്കുന്ന പ്രചാരണമാണ് ദുഷ്യന്ത് ചൗട്ടാല നടത്തിയത്.

ഹരിയാനയിൽ ഇനി എന്ത്?

എന്ത് വിട്ടുവീഴ്ചക്കും കോൺഗ്രസ് തയ്യാറാണ്. ഇതിനോടകം മുഖ്യമന്ത്രി പദം ദുഷ്യന്ത് ചൗട്ടാലക്ക് വാഗ്ദാനം ചെയ്തു കഴിഞ്ഞു. ജെജെപിയെ കൂടാതെ മത്സരരംഗത്തുള്ള ഐഎൻഎൽഡി ശിരോമണി അകാലിദൾ, ബിഎസ്പി തുടങ്ങിയവരുടെ പിന്തുണയും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ബിജെപിയും ഇതിനോടകം ചർച്ചകൾ സജീവമാക്കി.മനോഹർ ലാൽ ഖട്ടാറിനെ അമിത് ഷാ ദില്ലിയ്ക്ക് വിളിപ്പിച്ചതും ഇതിനോട് അനുബന്ധിച്ച് എന്നാണ് വിവരങ്ങൾ. അന്തിമഫലത്തിൽ ഇരു പാർട്ടികളും ഒപ്പത്തിനൊപ്പം വന്നാൽ ജെജെപിയുടെ പിന്തുണയോടെ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ തന്നെയാണ് സാധ്യത.

Follow Us:
Download App:
  • android
  • ios