ബിജെപി നേതാവും ബിഹാർ എംപിയുമായ ആര്‍കെ സിന്‍ഹയെ മറികടന്ന് രവിശങ്കര്‍ പ്രസാ​ദിനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. വിമാനത്താവളത്തിൽ വച്ച് രവിശങ്കര്‍ പ്രസാദിന് നേരെ 'ഗോ ബാക്ക്' വിളിച്ച പ്രവര്‍ത്തകര്‍ ആര്‍കെ സിന്‍ഹക്ക് സിന്ദാബാദ് വിളിച്ചു. 

പാറ്റ്ന: കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന് നേരെ പാറ്റ്ന വിമാനത്താളത്തിൽ ഒരു സംഘം ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ബിഹാറിലെ പാറ്റ്ന സാഹിബ് ലോക്‌സഭാ മണ്ഡലത്തില്‍ രവിശങ്കര്‍ പ്രസാദ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സംബന്ധിച്ച എതിർപ്പാണ് ഒരുകൂട്ടം ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

ബിജെപി നേതാവും ബിഹാർ എംപിയുമായ ആര്‍കെ സിന്‍ഹയെ മറികടന്ന് രവിശങ്കര്‍ പ്രസാ​ദിനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്. വിമാനത്താവളത്തിൽ വച്ച് രവിശങ്കര്‍ പ്രസാദിന് നേരെ 'ഗോ ബാക്ക്' വിളിച്ച പ്രവര്‍ത്തകര്‍ ആര്‍കെ സിന്‍ഹക്ക് സിന്ദാബാദ് വിളിച്ചു. ആര്‍കെ സിന്‍ഹയാണ് പട്‌നയില്‍ ഞങ്ങളുടെ നേതാവെന്നും രവിശങ്കര്‍ പ്രസാദ് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

Scroll to load tweet…

ബോളിവുഡ് നടനും ബിജെപി വിമതനുമായ ശത്രുഘ്‌നന്‍ സിന്‍ഹയാണ് മണ്ഡലത്തിലെ സിറ്റിങ് എം പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം വിമർശിച്ചതിനെ തുടർന്ന് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിക്കുകയായിരുന്നു. തുടർന്ന് മണ്ഡലത്തിലേക്ക് രവിശങ്കർ പ്രസാദിനെ സ്ഥാനാർത്ഥിയായി നിർത്തുകയും ചെയ്തു. അതേസമയം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ശത്രുഘ്‌നന്‍ സിന്‍ഹ പാറ്റ്ന സാഹിബ് മണ്ഡലത്തില്‍ രവിശങ്കര്‍ പ്രസാദിനെതിരെ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.