Asianet News MalayalamAsianet News Malayalam

ബിഹാറില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പട്നയില്‍ സിന്‍ഹയെ വെട്ടി, പകരം രവിശങ്കര്‍ പ്രസാദ്

സിറ്റിംഗ് എംപിയായ ശത്രുഘ്നന്‍ സിന്‍ഹയെ മാറ്റിയാണ് പട്നയില്‍ മത്സരിക്കാന്‍ രവിശങ്കര്‍ പ്രസാദിന്‍റെ പേര് തീരുമാനിച്ചിരിക്കുന്നത്. 

Ravisankar prasad got ticket for patna sahib constituency
Author
Patna, First Published Mar 23, 2019, 12:47 PM IST

പട്ന: ബീഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജെഡിയുവും ബിജെപിയും 17 സീറ്റിൽ വീതം മത്സരിക്കും. എൽജെപി 6 സീറ്റിലാണ് മത്സരിക്കുക. പൂർവ ചംബാരനിൽ കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ് മത്സരിക്കും. രാജീവ് പ്രതാപ് റൂഡി സഹറൻ മണ്ഡലത്തില്‍ നിന്നും ഗിരിരാജ് സിംഗ് ബേഗുസരായിയില്‍ നിന്നും മത്സരിക്കും. അതേസമയം മുന്‍ കേന്ദ്രമന്ത്രിയും ഭഗല്‍പൂരിലെ മുന്‍ എംപിയുമായ ഷനവാസ് ഹുസൈന് സീറ്റ് നല്‍കിയില്ല. 

വിവാദമായ പട്ന സാഹിബ് മണ്ഡലത്തില്‍ നിന്ന് രവിശങ്കര്‍ പ്രസാദാണ് മത്സരിക്കുക. സിറ്റിംഗ് എംപിയായ ശത്രുഖ്നന്‍ സിന്‍ഹയെ മാറ്റിയാണ് പട്നയില്‍ മത്സരിക്കാന്‍ രവിശങ്കര്‍ പ്രസാദിന്‍റെ പേര് തീരുമാനിച്ചിരിക്കുന്നത്. 2009 മുതല്‍ പട്നയില്‍നിന്നാണ് ശത്രുഘന്‍ സിന്‍ഹ മത്സരിക്കുന്നത്. 

നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് നേതൃത്വവുമായി ഭിന്നതയിലായ സിന്‍ഹയ്ക്ക് പാര്‍ട്ടി സീറ്റ് നല്‍കാനിടയില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. അതേസമയം കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്റെ പിന്തുണയോടെ പട്‌ന സാഹിബില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. 

പാര്‍ട്ടി നേതൃത്വവുമായി അകൽച്ചയിൽ കഴിയുന്ന ‌ശത്രുഘ്‌നന്‍ സിൻഹ അടുത്ത കാലത്തായി പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടത് വൻ ചർച്ചയായിരുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ പശ്ചിമബംഗാളില്‍ മമതാബാനര്‍ജി നേതൃത്വം നല്‍കിയ മെഗാറാലിയിലും സിന്‍ഹ പങ്കെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios