കണ്ണൂർ: കള്ളവോട്ട് തെളിഞ്ഞതിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്ന പിലാത്തറയിൽ വോട്ടെടുപ്പിനിടെ വാക്കേറ്റം. വോട്ട് ചെയ്തശേഷം ശാലറ്റ് എന്ന സ്ത്രീ ബൂത്ത് പരിധിയിൽ നിന്ന് പുറത്ത് പോയില്ലെന്ന് കാട്ടി സിപിഎം പ്രവർത്തകർ ബഹളം ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ തവണ ശാലറ്റിന്‍റെ വോട്ട് കള്ളവോട്ടായി മറ്റൊരാൾ രേഖപ്പെടുത്തുകയായിരുന്നു. വാക്കേറ്റത്തെ തുടര്‍ന്ന് ശാലറ്റിനെ പൊലീസ് വാഹനത്തിൽ സ്ഥലത്ത് നിന്ന് മാറ്റി.

കള്ളവോട്ട് നടന്ന കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് ഇന്ന് റീ പോളിംഗ് നടക്കുന്നത്. കാസർകോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ജനവിധി. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശക്തമായ സുരക്ഷയിലാണ് വോട്ടെടുപ്പ്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റീപോളിംഗ് നടക്കുന്ന ധർമടം കുന്നിരിക്ക ബൂത്തിലും വോട്ടെടുപ്പിനിടെ ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കമുണ്ടായി. പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മിലായിരുന്നു തർക്കം. ഓപ്പൺ വോട്ടിന് സഹായിക്കാനെത്തിയ ആൾക്കും തിരിച്ചറിയൽ കാർഡ് വേണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം ഉണ്ടായത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.