പത്തനംതിട്ട, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിൽ സ്വാധീനമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകാൻ തയ്യാറെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോര്‍ജ്ജ്. 

ഇടുക്കി: ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ചര്‍ച്ചകൾ സജീവമായി പുരോഗമിക്കുന്നതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധതയറിയിച്ച് ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോര്‍ജ്ജ്. പത്തനംതിട്ട, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിൽ ജനാധിപത്യ കേരളാ കോൺഗ്രസിന് സ്വാധീനമുണ്ട്. മുന്നണി ആവശ്യപ്പെട്ടാൽ സ്ഥാനാര്‍ത്ഥിയാകുമെന്നും ഫ്രാൻസിസ് ജോര്‍ജ്ജ് ഇടുക്കിയിൽ പറഞ്ഞു.

കേരളാ കോൺഗ്രസിനകത്ത് ഇടഞ്ഞു നിൽക്കുന്ന പി ജെ ജോസഫിനെ ഫ്രാൻസിസ് ജോര്‍ജ്ജ് ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്തു. കേരള കോൺ (എം) വിട്ടു വന്നാൽ ജോസഫുമായി സഹകരിക്കുന്നതിനെ കുറിച്ചും ജനാധിപത്യ കേരളാ കോൺഗ്രസ് പാർട്ടി ആലോചിക്കുമെന്ന് ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചക്കിടെ ജനാധിപത്യ കേരളാ കോൺഗ്രസിന് സീറ്റ് നൽകിയേക്കുമെന്ന് സൂചന ഇടത് മുന്നണി വൃത്തങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് മത്സരിക്കാനുള്ള സന്നദ്ധതയും തൽപര്യമുള്ള മണ്ഡലങ്ങളും തുറന്ന് പറഞ്ഞ് ഫ്രാൻസിസ് ജോര്‍ജ്ജ് രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.