കാസർകോട്/ കണ്ണൂർ: കള്ളവോട്ട് നടന്ന കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് റീ പോളിംഗ് നടക്കും. കാസർകോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലാണ് ജനവിധി. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശക്തമായ സുരക്ഷയിലാണ് വോട്ടെടുപ്പ്. കള്ളവോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണവും പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസർകോട് ലോക്സഭാ മണ്ഡലത്തിൽ കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് നടത്തുന്നത്. 

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിൽ മൂന്ന് ബൂത്തുകളിലാണ് റീപോളിംഗ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിൽ ഒരു ബൂത്തിലുമാണ് റീപോളിംഗ് നടക്കുക.  ധർമ്മടത്ത് കുന്നിരിക്കയിലും വേങ്ങോട്ടുമാണ് റീ പോളിംഗ്. തൃക്കരിപ്പൂരിൽ കൂളിയാട് ജിഎച്ച്എസിൽ ആണ് ഇന്ന് റീ പോളിംഗ് നടക്കുക. 

റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനായി വനിതാ ഉദ്യോഗസ്ഥയെ നിയോഗിച്ചു. പര്‍ദ്ദ ധരിച്ച് വോട്ട് ചെയ്യുന്നതിനെ ച്ചൊല്ലി എം വി ജയരാജന്‍ നടത്തിയ പ്രസ്താവന വിവാദമായതിന് തൊട്ടു പിന്നാലെയാണ് കമ്മീഷന്‍റെ നടപടി. മുഖാവരണം ധരിച്ചെത്തുന്നവരുടെ മുഖം പരിശോധിക്കണമെന്നും മുഖാവരണം കള്ളവോട്ടിന് മറയാക്കുന്നുണ്ട് എന്നുമായിരുന്നു ജയരാജന്‍റെ പ്രസ്താവന.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.