തിരുവനന്തപുരം: കോന്നി ഉപതെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയാകാൻ ഒരുങ്ങിയ റോബിൻ പീറ്ററിനെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി കെപിസിസി നേതൃത്വം. റോബിൻ പീറ്ററിനെ ഡിസിസി വൈസ് പ്രസിഡന്‍റായി നിയമിച്ചു. കോന്നി എംഎൽഎയായിരുന്ന അടൂർ പ്രകാശിന്‍റെ നോമിനിയായിരുന്ന റോബിൻ പീറ്ററിനെ മറികടന്നാണ് പി മോഹൻ രാജിനെ കെപിസിസി സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ അടൂർ പ്രകാശിന് ചെറുതല്ലാത്ത അതൃപ്തിയുണ്ടായിരുന്നു.

കോന്നിയിൽ ആദ്യം മുതലേ അടൂർ പ്രകാശ് വാദിച്ചത് റോബിൻ പീറ്ററിന് വേണ്ടിയാണ്. എന്നാൽ സാമുദായിക സന്തുലനം ഉറപ്പ് വരുത്താൻ ഈഴവ സ്ഥാനാർത്ഥിയെ വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് റോബിൻ പീറ്ററിന് പകരം പി മോഹൻ രാജിന് കെപിസിസി സീറ്റ് നൽകിയത്. സീറ്റ് നഷ്ടമാകുമെന്ന് വന്നതോടെ റോബിൻ പീറ്ററും അടൂർ പ്രകാശും പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. റോബിൻ റിബൽ സ്ഥാനാർത്ഥിയാകുമെന്ന സാഹചര്യം വരെയുണ്ടായി.

ഇതിന് പിന്നാലെ അനുനയത്തിനായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെ റോബിൻ പീറ്ററിനെ തിരുവനന്തപുരത്തേക്ക് വിളിച്ച് അനുനയ ചർ‍ച്ചകൾ നടത്തിയിരുന്നു. ഇതിനെല്ലാം ശേഷമാണ് വിമതനാകാനില്ലെന്നും ഹൈക്കമാൻഡിന്‍റെ സ്ഥാനാർത്ഥിയെ അംഗീകരിക്കുമെന്നും റോബിൻ പീറ്റർ വ്യക്തമാക്കിയത്. 

അനുയത്തിന്‍റെ ഭാഗമായാണ് ഒടുവിൽ റോബിൻ പീറ്ററിന് ഡിസിസി വൈസ് പ്രസിഡന്‍റ് സ്ഥാനം നൽകിയിരിക്കുന്നത്. ഇതോടെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.