Asianet News MalayalamAsianet News Malayalam

'തിളക്കം കൂടുന്ന പാഠപുസ്തകം'; രാഹുലിനെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍

പാഠം ഒന്ന് രാഹുല്‍ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ രൂപേഷ് കുറിച്ച പോസ്റ്റില്‍ താളുകൾ മറിക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുൽ എന്നാണ് രൂപേഷ് വിശേഷിപ്പിച്ചിരിക്കുന്നത്

Roopesh Pannian fb post about rahul gandhi
Author
Kannur, First Published Apr 26, 2019, 8:24 AM IST

കണ്ണൂര്‍: വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിനെതിരെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി മുന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍ രൂപേഷ് പന്ന്യന്‍.

പാഠം ഒന്ന് രാഹുല്‍ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ രൂപേഷ് കുറിച്ച പോസ്റ്റില്‍ താളുകൾ മറിക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുൽ എന്നാണ് രൂപേഷ് വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യനന്മയ്ക്കായി നല്ലൊരിന്ത്യക്കായി രാഹുലിനോട് ചേർന്നു നില്‍ക്കാതെ തങ്ങളെങ്ങിനെ ഹൃദയപക്ഷമാകും എന്നും രൂപേഷ് ചോദിക്കുന്നു.

എല്‍ഡിഎഫ് കുടുംബയോഗത്തിൽ സംസാരിച്ചപ്പോഴും രാഹുലിന് കരുതലായി ഇടതുപക്ഷം ജയിക്കണം എന്ന സന്ദേശത്തിലൂന്നിയാണ് തന്നെയായിരുന്നു ഞാൻ സംസാരിച്ചതെന്നും രൂപേഷ് കുറിച്ചു. 

രൂപേഷ് പന്ന്യന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പാഠം ഒന്ന് രാഹുൽ ...

താളുകൾ മറിയ്ക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുൽ നിങ്ങൾ...

നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊൻവെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങൾക്ക് മുന്നിലില്ല രാഹുൽ ....

അംബാനിമാരുടെയും അദാനി മാരുടെതുമല്ല ഈ നാട് എന്നുറക്കെ... ചങ്കൂറ്റത്തോടെ വിളിച്ചു പറയാൻ നിങ്ങൾക്കല്ലാതെ മറ്റാർക്കുമാവുന്നില്ലല്ലോ രാഹുൽ..

സമ്പന്നതയുടെ മടിതട്ടിൽ പിറന്നു വിണിട്ടും സമ്പന്നരോടകലം പാലിക്കുന്ന നിങ്ങളെ.. 
ദരിദ്രരായി പിറന്നു വീണ്...
സമ്പന്നരെ മാത്രം അടുപ്പക്കാരാക്കാൻ തിടുക്കം കൂട്ടുന്ന ഈ കാലത്തെ നേതാക്കളുമായി ഞങ്ങളെങ്ങിനെ കൂട്ടിക്കെട്ടും രാഹുൽ ..

ബാരാ കോട്ടിൽ രാജ്യത്തോടൊപ്പം നിന്ന്..ശത്രുവിന് മുന്നിൽ നമ്മളൊന്നാണെന്ന ശരാശരി ഇന്ത്യക്കാരന്റെ മനസ്സ് പങ്കുവെച്ചപ്പോൾ .. നിങ്ങൾ ഇടിച്ചു കയറിയത് ഓരോ ഭാരതീയന്റെയും ഇടനെഞ്ചിലേക്കായിരുന്നു രാഹുൽ ...

വയനാട്ടിൽ പറന്നിറങ്ങിയ നിങ്ങളെ വാക്കുകൾ കൊണ്ടാവോളം നോവിച്ചവരെ ഹൃദയപക്ഷമായി ചേർത്തു പിടിച്ചപ്പോൾ നിങ്ങൾ കൈമാറിയ സന്ദേശം പക്വതയുടെയും പാകതയുടെയും മാത്രമായിരുന്നില്ല ഇടതുപക്ഷമെന്ന നന്മപക്ഷവുമായി ഇടഞ്ഞു നില്ക്കാനുള്ളതല്ല കാലം നിങ്ങളെ ഏൽപ്പിച്ച നിയോഗം എന്ന തിരിച്ചറിവു തന്നെയായിരുന്നു രാഹുൽ ...

നെഞ്ചകം നോവും നിരാശ മാത്രം ബാക്കിയാക്കിയ അഞ്ചു വർഷങ്ങൾക്ക് ശേഷം പ്രത്യാശയുടെ ഇളം കാറ്റ് തേടിയലയുന്ന ഞങ്ങളുടെ കാഴ്ചയിൽ മമതയും മായാവതിയും നായിഡുവും ഒരിക്കലുമുണ്ടായിട്ടില്ല രാഹുൽ ...

ചിരി തൂകും ആ മുഖത്തിന് പിന്നിൽ.. സ്നേഹവും നന്മയും ലാളിത്യവും ചങ്കൂറ്റവും മാത്രമാണെന്ന് ഞങ്ങളറിയാതെ ഞങ്ങളുടെ മനസ്സിനെ കൊണ്ടു പറയിച്ചത്...
വിനയവും ലാളിത്യവും രാജ്യ സ്നേഹവും സാധാരണക്കാരോടുള്ള അസാധാരണ അടുപ്പവും നിങ്ങളുടെ മുഖത്തും പ്രവൃത്തിയിലും കലർപ്പില്ലാതെ എഴുതി ചേർത്തത് ആർക്കും എളുപ്പത്തിൽ വായിക്കാൻ പറ്റുന്നത്രയും തെളിമയോടെ തെളിഞ്ഞു നില്ക്കുന്നതു കൊണ്ടു മാത്രമാണ് രാഹുൽ...

രാജ്യനന്മയ്ക്കായി.. നല്ലൊരിന്ത്യക്കായി നിങ്ങളോട് ചേർന്നു നില്ക്കാതെ ഞങ്ങളെങ്ങിനെ ഹൃദയപക്ഷമാകും രാഹുൽ ...

(LDF കുടുംബയോഗത്തിൽ സംസാരിച്ചപ്പോഴും.. ഇടതുപക്ഷം ജയിക്കണം രാഹുലിന് കരുതലായി.. എന്ന സന്ദേശത്തിലൂന്നി തന്നെയായിരുന്നു ഞാൻ സംസാരിച്ചതും... മനസ്സ് ആഗ്രഹിച്ചതും) ( അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം)

 

Follow Us:
Download App:
  • android
  • ios