ബി ജെ പി സ്ഥാനാർത്ഥി പട്ടിക വൈകുന്നതിൽ ആർ എസ് എസിന് നേതൃത്വത്തിന് കടുത്ത അതൃപ്തി. തർക്കം തുടരുന്നതിനാൽ ഒരിടത്തും പ്രചാരണം തുടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
തിരുവനന്തപുരം: ബി ജെ പി സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതിൽ ആര്‍ എസ് എസിന് അതൃപ്തി. തർക്കം തുടരുന്നതിനാൽ ഒരിടത്തും പ്രചാരണം തുടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. പ്രധാന നേതാക്കളെ കേരളത്തില്‍ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് ആര്‍ എസ് എസ് ആവശ്യപ്പെട്ടു.
കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പ്രധാന മണ്ഡലങ്ങള്‍ നല്‍കണം. നിലവിലെ ചര്‍ച്ചകള്‍ ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നതാണെന്നും അതിനാല്‍ ദേശീയനേതൃത്വം നിര്‍ണായക ഇടപെടല്‍ നടത്തുമെന്നും ആര്‍ എസ് എസ് അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ ബി ജെ പി സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കും. പട്ടികയിൽ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട സീറ്റ് സംബസിച്ചാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ദില്ലിയിൽ നടന്ന ചർച്ചകളിൽ പിഎസ് ശ്രീധരൻപിള്ളയെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാൽ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രൻ സമ്മർദം തുടരുകയാണ്.
തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ പത്തനംതിട്ടയിൽ സുരേന്ദ്രനെ നിർത്താൻ ആർഎസ്എസും സമ്മർദ്ദം ചെലുത്തുന്നുണ്ട്. പത്തനംതിട്ട സീറ്റിനായി കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും സജീവമായി രംഗത്തുണ്ട്. എറണാകുളത്ത് കണ്ണന്താനത്തെ നിർത്താനാണ് ധാരണ. എന്നാൽ പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും തന്നെ പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് കണ്ണന്താനം പാർട്ടി അധ്യക്ഷൻ അമിത് ഷാക്ക് കത്ത് നൽകിയിരിക്കുകയാണ്.
എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരും താൽപ്പര്യമുള്ള മണ്ഡലങ്ങൾ ലഭിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കേന്ദ്ര നേതൃത്വം മറിച്ചൊരു നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഇവർ സംഘടനാ രംഗത്ത് തുടരാനാണ് സാധ്യത.