നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായി വീടുകള്‍ തോറും കയറിയിറങ്ങുകയാണ് മഹാരാഷ്ട്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍.

മുംബൈ: തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായി വീടുകള്‍ തോറും കയറിയിറങ്ങുകയാണ് മഹാരാഷ്ട്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട പല മണ്ഡലങ്ങളിലും എതിര്‍സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചിരുന്നു. ഇതാണ് പുതിയ ക്യാംപയിനുമായി ഇറങ്ങാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പല മണ്ഡലങ്ങളിലും നോട്ടയ്ക്ക് നല്ല പ്രതികരമാണ് ലഭിച്ചത്. ഈ പ്രവണത ഇക്കുറി ഉണ്ടാവുന്നത് തടയുകയാണ് ആര്‍എസ്എസിന്‍റെ ലക്ഷ്യം. 'നോട്ട ഒന്നുമല്ല, പക്ഷേ അത് ജനാധിപത്യപ്രക്രിയകളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയും വിലപ്പെട്ട വോട്ടുകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതാണ്'. ആര്‍എസ്എസ് വക്താവ് അരുണ്‍കുമാര്‍ പറയുന്നു.

ഈ ക്യാംപയിന്‍ കൊണ്ട് ബിജെപിക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന് ചോദിച്ചാല്‍ 'പ്രത്യേകിച്ചൊന്നുമില്ല, ഗുണം ലഭിക്കുക സ്ഥാനാര്‍ത്ഥികള്‍ക്കാണ്' എന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അഭിപ്രായം.