മഞ്ചേശ്വരം: മഞ്ചേശ്വരം ബിജെപിയിലെ പ്രതിസന്ധി പരഹരിക്കാൻ ആർഎസ്എസ് നേതൃത്വം മഞ്ചേശ്വരത്ത് യോഗം ചേർന്നു. ജില്ലയിലെ മുതിർന്ന നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. അഭിപ്രായ വ്യത്യാസം താഴേത്തട്ടിലെത്താതെ നോക്കാനും ഇത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനുമാണ് മുതിർന്ന നേതാക്കളുടെ ശ്രമം. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ബിജെപി വോട്ടുകൾ ചോരുന്ന സാഹചര്യമുണ്ടാകുമെന്ന് നേതൃത്വം ഭയപ്പെടുന്നു. ഇത് തടയാനുള്ള ശ്രമത്തിലാണ് ആർഎസ്എസ് നേതൃത്വം.

ആർഎസ്എസ് നേതൃത്വത്തിന്‍റെ താൽപര്യപ്രകാരമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട്ട് മത്സരിച്ച രവീശ തന്ത്രി തന്നെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായത്. പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ ബിജെപി പ്രാദേശിക നേതൃത്വം കലാപക്കൊടി ഉയർത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കൺവെൻഷനുകളുമായി സഹകരിക്കില്ലെന്ന് കുമ്പള, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തന്ത്രിയുടെ സ്ഥാനാർത്ഥിത്വം വഴി നിഷ്‍പക്ഷ വോട്ടുകൾ അകലുമെന്ന് ഒരു വിഭാഗം നേതാക്കൾ ആശങ്കപ്പെടുന്നു.

പാർട്ടി വോട്ടുകൾ സ്വന്തം ചിഹ്നത്തിലുറപ്പിക്കാൻ മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഏറെക്കാലമായി വിജയകരമായി ബിജെപി അത് നടപ്പാക്കിവരികയും ചെയ്യുന്നുണ്ട്. എന്നാൽ ന്യൂനപക്ഷ വോട്ടുകളും നിഷ്‍പക്ഷ വോട്ടുകളും ആകർഷിക്കാൻ കഴിയാഞ്ഞതായിരുന്നു വിജയത്തിന് വിലങ്ങുതടിയായത്. 2016-ൽ കെ.സുരേന്ദ്രൻ ഈ പരിമിതി ഒരു പരിധിവരെ മറികടന്നെങ്കിലും 89 വോട്ടുകൾക്ക് അടിയറവ് പറയേണ്ടി വന്നു. 

ഇക്കുറി നിഷ്‍പക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കണമെന്നുറപ്പിച്ചാണ് ബിജെപി സ്ഥാനാർത്ഥി നിർണയത്തിന് ഇറങ്ങിയത്.  കോൺഗ്രസ് നേതാവ് സുബ്ബയ്യ റൈയെ ആദ്യം സമീപിച്ചു. ഈ നീക്കം പാളിയതോടെ ബിജെപി ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്തോ പാർട്ടി മണ്ഡലം പ്രസിഡന്‍റ് സതീഷ് ചന്ദ്ര ഭണ്ഡാരിയോ സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു സൂചന. എന്നാൽ കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തത് രവീശ തന്ത്രി കുണ്ഠാറിനെയാണ്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്‍റെയും ആർഎസ്എസിന്‍റെയും പിന്തുണയാണ് തന്ത്രിക്ക് നേട്ടമായത്. 

2016-ൽ കെ സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ അതേ നിലയിലുള്ള പ്രകടനം നടത്താൻ രവീശ തന്ത്രി കുണ്ഠാറിന് കഴിഞ്ഞിരുന്നില്ല.  രാജ്‍മോഹൻ ഉണ്ണിത്താൻ 11000 വോട്ടുകൾക്ക് ലീഡ് ചെയ്തപ്പോൾ ബിജെപിക്ക് 2016-നെ അപേക്ഷിച്ച് അധികമായി കിട്ടിയത് ആയിരത്തിൽ താഴെ വോട്ടുകൾ മാത്രം. പുതിയ വോട്ടർമാരെയടക്കം ആകർഷിക്കാൻ തന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമർശനം പാർട്ടിയിൽ നിന്ന് ഉയരുകയും ചെയ്തു. 

ഇതിനിടെ പ്രശ്നം കയ്യാങ്കളിയിലേക്ക് വരെയെത്തി. തന്ത്രിയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ഹൊസങ്കടിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘടനാ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി എൽ ഗണേഷിനെ ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു വച്ചു. ഇത് പകർത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ഒരു വിഭാഗമാളുകൾ മർദ്ദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ സുനിൽകുമാറിനാണ് ബിജെപി പ്രവർത്തകരുടെ മർദ്ദനമേറ്റത്. എൽ ഗണേഷിനെ പ്രവർത്തകർ തടഞ്ഞുവച്ചത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുന്ന ഓഡിറ്റോറിയത്തിന്‍റെ വാതിലുകളടക്കം പൂട്ടിയാണ്. ഈ ദൃശ്യങ്ങൾ ഒരു ജനാല വഴി പകർത്താൻ ശ്രമിച്ചപ്പോഴാണ് ഒരു സംഘം പ്രവർത്തകർ ഓടിപ്പാഞ്ഞെത്തി വള‍ഞ്ഞിട്ട് മർദ്ദിച്ചത്. 'ആരാണ് പാർട്ടിയ്ക്കുള്ളിലെ ഈ ഭിന്നത നിങ്ങൾക്ക് ചോർത്തിയത്' എന്ന് ചോദിച്ചായിരുന്നു മർദ്ദനം. കൃത്യമായ പേര് പറയണമെന്നാവശ്യപ്പെട്ട് സുനിൽ കുമാറിനെ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ക്യാമറ തല്ലിത്തകർത്തു.