ശബരിമലയിൽ എൻഎസ്എസിന് ശക്തമായ നിലപാടുണ്ട്. വിശ്വാസം സംരക്ഷിക്കുന്നവര്‍ക്കാണ് മുൻതൂക്കമെന്ന് എൻഎസ്എസ്.
കോട്ടയം: ജനങ്ങൾ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ .മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ജനാധിപത്യ വിജയം ഉണ്ടാകും. എൻഎസ്എസിന് സമദൂര നിലപാടാണെന്നും എൻഎസ്എസ് ആസ്ഥാനത്തെത്തിയ എല്ലാ സ്ഥാനാര്‍ത്ഥികൾക്കും വിജയാശംസ നേര്‍ന്നെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു.
ശബരിമലയിൽ വിശ്വാസം സംരക്ഷിക്കണം എന്ന് തന്നെയാണ് നിലപാട്. അത് വിശ്വാസികൾക്ക് അനുകൂലവുമാണ്. ഈ നിലപാട് കുറച്ചെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. ഒരു നിര്‍ദ്ദേശവും വോട്ടര്‍മാര്‍ക്ക് എൻഎസ്എസ് നൽകിയിട്ടില്ല. സുപ്രീം കോടതി വിധി ഇത്രവേഗം നടപ്പാക്കാൻ സര്‍ക്കാര്‍ മുതിര്‍ന്നതെന്തിനാണ് . സര്‍ക്കാരിന് സാവകാശം ചോദിക്കാമായിരുന്നില്ലേ എന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു.
റിവ്യു ഹര്‍ജിയിൽ തീരുമാനം ആകും വരെ കാത്ത് കാത്ത് നിന്നിരുന്നെങ്കിൽ സര്‍ക്കാരിന് ഒരു ദോഷവും സംഭവിക്കില്ലായിരുന്നു എന്നും ജി സുകുമാരൻ നായര്‍ ് അഭിപ്രായപ്പെട്ടു.
