ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഒരക്ഷരം മിണ്ടില്ലെന്നും മൗനവ്രത്തിലാണെന്നും ഭോപ്പാലിലെ ബിജെപി സ്ഥാനാ‍ർത്ഥി പ്രഗ്യാ സിംഗ് ഠാക്കൂർ. 

''തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണ്. ഇനി ചിന്തിക്കാനും മനനം ചെയ്യാനുമുള്ള സമയമാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് എന്‍റെ വാക്കുകൾ ദേശഭക്തരുടെ വികാരം ഹനിച്ചെങ്കിൽ അതിന് ഞാൻ മാപ്പ് ചോദിക്കുന്നു. പൊതു ജീവിതത്തിന്‍റെ ചിട്ടകൾ പാലിച്ച്, ഇനി, 63 മണിക്കൂർ നേരത്തേക്ക് (21 പ്രഹർ) ഞാൻ മൗനവ്രതം പാലിക്കുന്നു. ഹരി ഓം'', എന്നാണ് പ്രഗ്യാ സിംഗ് ഠാക്കൂർ. 

മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രഗ്യാ സിങ് ഠാക്കൂറിന് ഭോപ്പാലിൽ സീറ്റ് നൽകിയത് തന്നെ വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. തീവ്രവാദക്കേസിലെ പ്രതിയായ ഒരാൾക്ക് സീറ്റ് നൽകിയത് രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽത്തന്നെ ആദ്യമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ വിവാദ പരാമര്‍ശങ്ങള്‍ തുടങ്ങിയത് മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ഭീകരവിരുദ്ധ സ്ക്വാഡ് തലവൻ ഹേമന്ത് കർക്കറെയെ അപമാനിച്ച് കൊണ്ടായിരുന്നു. 

പുൽവാമ ഭീകരാക്രമണം ബിജെപി തെരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്നതിനിടയിലായിരുന്നു 2008 നവംബര്‍ 26-ന് മുംബൈയിൽ പാക് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പട്ടെ ഹേമന്ത് കർക്കറെയെ അപമാനിച്ച് കൊണ്ട് അവര്‍ പ്രസ്താവന നടത്തിയത്. താൻ ശപിച്ചതിനാലാണ് കർക്കറെ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്നും കർക്കറെ ദേശ വിരുദ്ധനാണെന്നും പ്രഗ്യാ സിങ്ങ് ഠാക്കൂര്‍ പറഞ്ഞിരുന്നു. 

മാലേഗാവ് സ്ഫോടനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അന്ന് മഹാരാഷ്ട്ര എടിഎസ് തലവനായിരുന്ന ഹേമന്ത് കർക്കറെ. തെളിവില്ലെങ്കിൽ തന്നെ വിട്ടയാക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞെങ്കിലും കർക്കറെ അനുവദിച്ചില്ല അതിനാല്‍ കർക്കറെ ശപിച്ചുവെന്നായിരുന്നു പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞത്. പരാമര്‍ശം ബിജെപിയ്ക്ക് അകത്തും പുറത്തും ഒരു പോലെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് പ്രഗ്യാസിങ്ങിന്‍റെ പ്രസ്താവന ബിജെപി തള്ളുകയായിരുന്നു ചെയ്തത്. കർക്കറെയ്ക്ക് എതിരായ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഗ്യ സിങ് ഠാക്കൂറിന് നോട്ടീസ് നല്‍കിയിരുന്നു. 

ഇതിന് പിന്നാലെയായിരുന്നു ബാബറി മസ്ജിദ് പൊളിക്കാന്‍ താനും ഉണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞത്. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് ഞങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നുമുള്ള പ്രഗ്യയുടെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടാമത്തെ നോട്ടീസ് നല്‍കി. ഇതിന് ശേഷവും പ്രഗ്യയുടെ നാവിന് വിലങ്ങിടാന്‍ ബിജെപി നേതൃത്വത്തിന് സാധിച്ചില്ലെന്നതിന്‍റെ തെളിവായിരുന്നു ഒടുവിൽ അവര്‍ നടത്തിയ ഗോഡ്സെ പരാമര്‍ശം. 

ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്ന് പ്രഗ്യ സിംഗ് പറഞ്ഞു. ആദ്യത്തെ ഹിന്ദു തീവ്രവാദി ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും പ്രഗ്യ സിംഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. പരാമര്‍ശത്തില്‍ ബിജെപി പ്രഗ്യ സിങ് താക്കൂറിനോട് വിശദീകരണം തേടി.

പ്രഗ്യയുടെ ഗോഡ്സെ പരാമര്‍ശത്തില്‍ ബിജെപി അപലപിച്ചതിന് പിന്നാലെയാണ് അവരോട് പരസ്യമായി മാപ്പ് പറയാനും ബിജെപി നിര്‍ദേശിച്ചു. ഗതികെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെ പ്രതികരിക്കേണ്ടി വന്നു. പ്രഗ്യയുടെ പരാമർശത്തിന് മാപ്പില്ലെന്ന് മോദി പറഞ്ഞു. വെട്ടിലായ പ്രഗ്യാ സിംഗ് പിന്നീട് മാപ്പ് പറയുകയും ചെയ്തു.