ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സരിതാ നായർ വ്യക്തമാക്കി. 

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ സരിതാ എസ് നായർ നൽകിയ രണ്ട് ഹർജികളും ഹൈക്കോടതി തള്ളി. 

പരാതിയുണ്ടെങ്കിൽ ഇലക്ഷൻ ഹർജിയാണ് നൽകേണ്ടിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഇലക്ഷൻ ഹർജി ഫയൽ ചെയ്താൽ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കില്ലെന്ന് സരിത വാദിച്ചു.

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പ്രാഥമിക തടസവാദം സമർപ്പിച്ചു. സരിതയുടെ ഹർജികൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജികൾ തള്ളിയത്. എന്നാൽ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സരിതാ നായർ വ്യക്തമാക്കി. 

സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ചാണ് സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാൻ സമയം അനുവദിച്ചെങ്കിലും ഉത്തരവ് ഹാജരാക്കാൻ സരിതയ്ക്ക് കഴിഞ്ഞിരുന്നില്ല.

താന്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ വമ്പന്മാരായതിനാല്‍ പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയമായ കളികള്‍ നടന്നിട്ടുണ്ടെന്നാണ് സരിതയുടെ ആരോപണം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും എറണാകുളത്തുമാണ് സരിത നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നത്.