സരിത എസ് നായർ നൽകിയിരുന്ന നാമ നിർദേശപത്രികകൾ തള്ളി. നാമനിര്‍ദ്ദേശ പത്രികയിലെ അവ്യക്തത മാറ്റാൻ സമയം അനുവദിച്ചിരുന്നെങ്കിലും മതിയായ രേഖകൾ ഹാജരാക്കാൻ സരിത എസ് നായര്‍ക്ക് കഴിഞ്ഞില്ല. 

കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത എസ് നായർ നൽകിയിരുന്ന പത്രികകൾ തള്ളി. എറണാകുളം വയനാട് മണ്ഡലങ്ങളിൽ നൽകിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരി അറിയിച്ചത്. ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാൻ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാൻ കഴിയാത്തതിനാലാണ് പത്രിക തള്ളാൻ തീരുമാനിച്ചത്. 

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസിൽ സരിതയെ മൂന്നു വർഷം തടവിനു ശിക്ഷിച്ചിട്ടുണ്ട്. ഈ വിധി മേൽക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് സരിത നാമനിർദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയിരുന്നില്ല. മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടാൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് മത്സരിക്കാനാകില്ല. സ്റ്റേ ചെയ്ത കോടതി ഉത്തരവിന്‍റെ പകർപ്പ് ഇന്ന് പത്തരയ്ക്ക് മുമ്പ് ഹാജരാക്കണമെന്നായിരുന്നു സരിതയ്ക്ക് വരണാധികാരി നൽകിയ നിർദ്ദേശം.

നേരത്തേ എറണാകുളത്ത് മത്സരിക്കാൻ വേണ്ടി പത്രിക സമർപ്പിക്കാനെത്തിയപ്പോൾ, ജയിക്കാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നതെന്നും, ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നും സരിത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചിരുന്നു.

"ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താൻ മത്സരത്തിന് ഒരുങ്ങുന്നത്," എന്നാണ് സ്ഥാനാ‍ത്ഥിത്വത്തെക്കുറിച്ച് സരിത പ്രതികരിച്ചത്. "സംസ്ഥാനത്ത് കോൺഗ്രസ് പ്രചാരണം നടത്തുന്നത് എന്നെ തട്ടിപ്പുകാരിയാക്കിയിട്ടാണ്. എന്താണ് ഫാക്ട്സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. എനിക്ക് ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ല," സരിത പറഞ്ഞു.

Also Read: മത്സരിക്കുന്നത് ഹൈബിയെ പരാജയപ്പെടുത്താനല്ല: വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് സരിത

 കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സോളാർ തട്ടിപ്പ് കേസിൽ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വയനാട്ടിൽ മത്സരിക്കുന്നതെന്നായിരുന്നു സരിത എസ് നായര്‍ പറഞ്ഞിരുന്നത്. 

Also Read: സരിത എസ് നായർ വയനാട്ടിൽ നിന്ന് രാഹുലിനെതിരെയും മത്സരിക്കും