മോദിയുടെ പ്രസംഗങ്ങൾ ആവർത്തന വിരസത അനുഭവപ്പെടുന്നുവെന്നും ഉള്ളടക്കവും തീവ്രതയും ഇല്ലാത്തതാണെന്നും സിൻഹ കുറിപ്പിൽ വിമർശിക്കുന്നു.
ദില്ലി: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചുവടു മാറാൻ തീരുമാനിച്ചതിന് പിന്നാലെ മോദിയെ കണക്കറ്റ് പരിഹസിച്ച് നടനും ലോക്സഭാംഗവുമായ ശത്രുഘ്നൻ സിൻഹയുടെ ട്വീറ്റ്. ‘പുറത്തുപോകുന്ന ബഹുമാനപ്പെട്ട സര്‍-ജി (honble outgoing Sirji)’ എന്നാണ് സിൻഹ ട്വീറ്റിൽ മോദിയെ അഭിസംബോധന ചെയ്തിരിക്കുന്നത്. മാത്രമല്ല, മോദിയുടെ പ്രസംഗങ്ങൾ ആവർത്തന വിരസത അനുഭവപ്പെടുന്നുവെന്നും ഉള്ളടക്കവും തീവ്രതയും ഇല്ലാത്തതാണെന്നും സിൻഹ കുറിപ്പിൽ വിമർശിക്കുന്നു.
‘ഞാനിപ്പോഴും താങ്കളുടെ അഭ്യുദയകാംക്ഷിയാണ്. എന്നാല്‍ അതില്‍ ഇ.വി.എം ദുരുപയോഗവും താങ്കളുടെ ധാര്‍ഷ്ട്യവും ഉള്‍പ്പെടില്ല. നേര്‍വഴിക്കു പോകണമെന്നാണ് ഈ പതിനൊന്നാം മണിക്കൂറിലും എനിക്കു താങ്കളോട് വിനീതമായി അഭ്യര്‍ഥിക്കാനുള്ളത്.’- സിന്‍ഹ കുറിച്ചിരിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് ബിജെപിയിൽ നിന്നും കോൺഗ്രസിലെത്താനുള്ള സന്നദ്ധത സിൻഹ ഔദ്യോഗികമായി അറിയിച്ചത്.
ആര്‍.ജെ.ഡി. നേതാവും തന്റെ കുടുംബ സുഹൃത്തുമായ ലാലുപ്രസാദ് യാദവിന്റെ നിര്‍ദേശ പ്രകാരമാണ് താൻ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയിരുന്നു. ബീഹാറിലെ പട്ന സാഹിബ് മണ്ഡലത്തിൽ ശത്രുഘ്നൻ സിൻഹയ്ക്ക് പകരം കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിനാണ് സീറ്റ് നൽകിയത്. ഇതിന് തിരിച്ചടി നൽകുമെന്ന് ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഏപ്രിൽ ആറിന് ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേരും.
