സിനിമ പെരുമാറ്റ ചട്ട ലംഘനമാണോ എന്നത് തെരഞ്ഞെടുപ്പ‌് കമ്മീഷനാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീംകോടതി. കേസില്‍ ഇടപെടാനാകില്ലെന്നും കോടതി. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. കേസില്‍ ഇടപെടാനാകില്ലെന്ന് കോടതി ആവര്‍ത്തിച്ചു. പി എം മോദി സിനിമ പെരുമാറ്റ ചട്ട ലംഘനമാണോ എന്നത് തെരഞ്ഞെടുപ്പ‌് കമ്മീഷനാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സെൻസർബോർഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ കേസിൽ ഇടപെടാനാകില്ലെന്ന് ഇന്നലെയും കോടതി വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 11 ന് സിനിമ റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനം. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും കക്ഷി ചേർത്തിട്ടുണ്ട്. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

ഗുജറാത്ത്, ഉത്തരാഖണ്ഡ‍്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്.