തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾക്കുളള നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരത്ത് 13 പേരും എറണാകുളത്ത് 11 പേരും വട്ടിയൂർക്കാവിൽ പത്ത് പേരും പത്രിക നൽകിയിട്ടുണ്ട്. കോന്നിയിൽ ഏഴ് പേരും അരൂരിൽ ആറ് പേരുമാണ് മത്സരരംഗത്തുളളത്.

വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറിന്റെ അപരനായി എ മോഹൻകുമാറും, ബിജെപി സ്ഥാനാർ‍ത്ഥി എസ് സുരേഷിന് അപരനായി എസ് എസ് സുരേഷും പത്രിക നൽകിയിട്ടുണ്ട്. അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിന്റെ അപരനായി മനു ജോണ്‍ പി എ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മനു റോയ്ക്കും യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദിനും ഓരോ അപരൻമാരുണ്ട്. വ്യാഴാഴ്ച വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. പൂർണ്ണമായ തെരഞ്ഞെടുപ്പ് ചിത്രം അറിയാൻ അത് വരെ കാത്തിരിക്കണം.