തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കട്ടെ എന്ന് ശശി തരൂര്‍. വോട്ടിംഗ് യന്ത്ര തകരാറില്‍ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറെ പരാതി അറിയിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരൻ

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലുള്‍പ്പെട്ട കോവളത്തെ ചൊവ്വരയിലെ ബൂത്തുകളിലൊന്നില്‍ കൈപ്പത്തിക്ക് കുത്തിയ വോട്ട് താമര ചിഹ്നത്തില്‍ തെളിഞ്ഞ സംഭവത്തില്‍ പരാതിയുമായി എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കട്ടെ എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പ്രതികരിച്ചു.

വോട്ടിംഗ് യന്ത്ര തകരാറില്‍ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറെ പരാതി അറിയിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരൻ പറഞ്ഞു. പോൾ ചെയ്ത 76 വോട്ടുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി ദിവാകരൻ രേഖാമൂലം ഇൻ ഏജന്‍റിന് പരാതി നൽകി. ഒദ്യോഗിക വിശദീകരണത്തിൽ ആശയകുഴപ്പമുണ്ടെന്നും എല്‍ഡിഎഫ് പറഞ്ഞു. 

അതേസമയം വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടു. ചൊവ്വര മാധപുരത്തെ 151-ാം നമ്പര്‍ ബൂത്തിലാണ് കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നത് കണ്ടത്. ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്.