ലഖ്നൗ: എസ് പി സ്ഥാനാര്‍ത്ഥിയായ ഭാര്യ പൂനം സിന്‍ഹയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നതില്‍ വിശദീകരണവുമായി ശത്രുഘന്‍ സിന്‍ഹ. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘന്‍ സിന്‍ഹ എസ് പി സ്ഥാനാര്‍ത്ഥിയായ ഭാര്യക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതില്‍ കോണ്‍ഗ്രസില്‍ നിന്നും തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശത്രുഘന്‍ സിന്‍ഹ വിശദീകരണം നല്‍കിയത്.

കുടുംബത്തെ പിന്തുണയ്ക്കുക എന്നത് കുടുംബനാഥനായ തന്‍റെ ഉത്തരവാദിത്തമാണ്. ഭാര്യയ്ക്ക് വേണ്ടി താന്‍ പ്രചാരണത്തിനിറങ്ങും എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ബിജെപിയുടെ രാജ്നാഥ് സിംഗിനെതിരെ ലഖ്നൗില്‍ നിന്നുമാണ് പൂനം മത്സരിക്കുന്നത്. ലഖ്നൗ മണ്ഡലത്തിൽ ബിഎസ്പിയുടെ പിന്തുണയോടെയാണ് സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പൂനം മത്സരിക്കുന്നത്. 

ബീഹാറിലെ പാറ്റ്ന സാഹിബില്‍ നിന്നും ലോക്സഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് ശത്രുഘന്‍ സിന്‍ഹ ബിജെപി വിട്ടത്. ഇതേ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശത്രുഘന്‍ സിന്‍ഹയും ഇക്കുറി മത്സരിക്കുന്നുണ്ട്.