ഇൻഡോർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യാത്തതിനെ തുടർന്ന്​ കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്​വിജയ് സിങിനെ വിമർശിച്ച് ശിവരാജ് സിങ് ചൗഹാന്‍. പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന ഒരു വ്യക്തി വോട്ട് ചെയ്തില്ലെങ്കിൽ അത് ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് ശിവ്​രാജ്​ സിങ്​ പറഞ്ഞു.

'ദിഗ്​വിജയ് സിങിന്റെ പെരുമാറ്റം അസാധാരണമായിരുന്നു. അദ്ദേഹത്തിന് വളരെയധികം പരിഭ്രമവും ഉണ്ടായിരുന്നു. അതുകൊണ്ടാണ് സ്വന്തം വോട്ട് രേഖപ്പെടുത്താൻ പോകാതിരുന്നത്. വോട്ട് രേഖപ്പെടുത്തുക എന്നതാണ് നമ്മുടെ പ്രധാന ധർമ്മം. എന്നാൽ പത്തുവർഷമായി മുഖ്യമന്ത്രിയായിരുന്ന ഒരു വ്യക്തി വോട്ട് ചെയ്തിട്ടില്ലെന്നത് ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെയാണ് എടുത്തുകാട്ടുന്നത്'- ശിവ്​രാജ്​ സിങ്

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ അദ്ദേഹത്തിന് വിശ്വസമില്ലെന്നും അതുകൊണ്ടാണ് എല്ലാം പോളിങ് സ്റ്റേഷനുകളിലും ശിവ്​രാജ്​ സിങ് സന്ദർശിച്ചതെന്നും ചൗഹാൻ പരിഹസിച്ചു.

മധ്യപ്രദേശി​ലെ ഭോപ്പാലിൽ നിന്നാണ്​ ദിഗ്​വിജയ്​ സിങ്​ മത്​സരിക്കുന്നത്​. ബിജെപിയുടെ സ്വാധി പ്രഗ്യാ സിങ്​ താക്കൂറാണ്​ എതിർ സ്ഥാനാർത്ഥി. ഭോപ്പാലിൽ നിന്ന്​ 136 കിലോമീറ്റര്‍ അകലെയുള്ള രാജ്ഘറിൽ ആയിരുന്നു ദിഗ്​വിജയ് ​സിങിന്  വോട്ട്. എന്നാൽ തെര​ഞ്ഞെടുപ്പ്​ ദിവസം മണ്ഡലത്തി​ലെ വിവിധ പോളിങ്​ സ്​റ്റേഷനുകൾ സന്ദർശിക്കുന്ന തിരക്കിലായതിനാൽ അദ്ദേഹത്തിന് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. വോട്ടു ചെയ്യാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.