Asianet News MalayalamAsianet News Malayalam

നാലാംഘട്ട വോട്ടെടുപ്പ് നാളെ: ഇനിയുള്ള ഘട്ടങ്ങൾ ബിജെപിക്ക് നിർണായകം, കച്ച മുറുക്കി പ്രതിപക്ഷവും

നാലാംഘട്ട വോട്ടെടുപ്പിന്‍റെ നിശ്ശബ്ദപ്രചാരണമാണ് ഇന്ന് നടക്കുക. ഇനിയുള്ള നാല് ഘട്ടങ്ങളിലാണ് ബിജെപിയിലെയും കോൺഗ്രസിലെയും കരുത്തർ ഏറ്റുമുട്ടുന്നത്. 

silent campaign for fifth phase elections today
Author
New Delhi, First Published Apr 28, 2019, 8:12 AM IST

ദില്ലി: ജമ്മു കശ്മീരിലെ അനന്ത് നാഗ് ഉൾപ്പെടെ 72 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്. നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. മഹാരാഷ്ട്രയിലും ഒഡീഷയിലും ഈ ഘട്ടത്തോടെ പോളിംഗ് പൂർത്തിയാകും. മഹാരാഷ്ട്രയിൽ 17 മണ്ഡലങ്ങളിലും ഒഡീഷയിൽ ആറിടത്തുമാണ് വോട്ടെടുപ്പ്.

ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും നാളെയാണ് ആദ്യഘട്ട പോളിംഗ്. രാജസ്ഥാനിൽ 13 ഇടത്തും മധ്യപ്രദേശിൽ ആറിടത്തുമാണ് വോട്ടെടുപ്പ്. ബംഗാളിൽ എട്ടും യുപിയിൽ പതിമൂന്നും, ബിഹാറിൽ അഞ്ചും ജാർഖണ്ഡിൽ മൂന്നും മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

2014-ൽ ബിജെപി തൂത്തുവാരിയ സീറ്റുകളാണ് ഈ ഘട്ടത്തിൽ പലതും. നാലാംഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന 72 സീറ്റുകളിൽ 56-ഉം എൻഡിഎ സഖ്യം നേടിയിരുന്നു. കോൺഗ്രസിന് ആകെ രണ്ട് സീറ്റുകളാണ് കിട്ടിയത്. ബാക്കി 14 സീറ്റുകൾ തൃണമൂൽ കോൺഗ്രസിനും ബിജു ജനതാദളിനും വിഭജിച്ച് പോയി. 

961 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. ആകെ 12.79 കോടി വോട്ടർമാർ ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തും. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ് എസ് അലുവാലിയ, ബാബുൽ സുപ്രിയോ - കോൺഗ്രസിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർഷിദ്, അധിർ രഞ്ജൻ ചൗധുരി എന്നിവർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നു. 

സിപിഐയുടെ വിദ്യാ‍ർത്ഥി നേതാവായ കനയ്യ കുമാർ ബെഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ നേരിടും. മുംബൈ നോർത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചലച്ചിത്രതാരം ഊർമിളാ മതോന്ദ്കർ ജനവിധി തേടുന്നു. എസ്‍പിയുടെ ഡിംപിൾ യാദവ്, തൃണമൂലിന്‍റെ ശതാബ്ദി റോയ്, കോൺഗ്രസ് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷൻ മിലിന്ദ് ദേവ്‍റ എന്നിവർ ജനവിധി തേടുന്ന മറ്റ് പ്രമുഖർ. 

പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ വന്ന് ഇളക്കി മറിച്ച പ്രചാരണത്തിനൊടുവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

മഹാരാഷ്ട്ര

17 സീറ്റുകളാണ് ഈ ഘട്ടത്തിൽ മഹാരാഷ്ട്രയിൽ പോളിംഗ് ബൂത്തിലെത്തുന്നത്. മഹാരാഷ്ട്രയിൽ ഈ ഘട്ടത്തോടെ തെരഞ്ഞെടുപ്പ് പൂർത്തിയാവുകയാണ്. അവസാനഘട്ടത്തിൽ ആവേശത്തോടെയായിരുന്നു കൊട്ടിക്കലാശം. ബിജെപി പാളയത്തിൽ തിരിച്ചെത്തിയ ശിവസേനയ്ക്ക് ഒപ്പമുള്ള എൻഡിഎ സഖ്യമോ, അതോ എംഎൻഎസ്സ് പിന്തുണയോടെയുള്ള കോൺഗ്രസ് - എൻസിപി സഖ്യമോ? ആര് നേട്ടമുണ്ടാക്കും മറാത്ത മണ്ണിൽ? ആകാംക്ഷ കനക്കുന്നു. 

വടക്കൻ മഹാരാഷ്ട്രയിലും മുംബൈയിലും നഷ്ടപ്പെട്ട വോട്ട് ബാങ്ക് തിരിച്ചെടുക്കാൻ കഠിന പരിശ്രമത്തിലാണ് കോൺഗ്രസ്. താനെയിലും പടിഞ്ഞാറൻ മഹാരാഷ്ട്രയിലും ചുവടുറപ്പിക്കാൻ എൻസിപിയും പാടുപെടുന്നു. ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന എല്ലാ 17 സീറ്റുകളും 2014-ൽ ബിജെപി - ശിവസേന സഖ്യം തൂത്തുവാരിയതാണ്. 

ദേശീയതയും കാർഷികപ്രശ്നങ്ങളും നേർക്കു നേർ ഏറ്റുമുട്ടിയ പ്രചാരണമായിരുന്നു മഹാരാഷ്ട്രയിലേത്. ഗ്രാമീണ മേഖലകളിൽ വികസനവും, കാർഷിക സഹായപദ്ധതികളും ചൂണ്ടിക്കാട്ടിയതിനൊപ്പം തന്നെ നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയതയും പ്രചാരണവിഷയമായി. കന്നിവോട്ടർമാർ പുൽവാമയിലെയും ബാലാകോട്ടിലെയും ജവാൻമാർക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി പ്രസംഗിച്ചത് മഹാരാഷ്ട്രയിലാണ്. 

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയാകട്ടെ പ്രതിവർഷം 72,000 രൂപ ബിപിഎൽ കുടുംബങ്ങൾക്ക് ഉറപ്പാക്കുന്ന 'ന്യായ്' പദ്ധതി ഉയർത്തിക്കാട്ടിയാണ് പ്രചാരണം നടത്തിയത്. 

രാജസ്ഥാൻ

രാജസ്ഥാനിൽ 13 സീറ്റുകളാണ് പോളിംഗ് ബൂത്തിലെത്തുക. 2014-ൽ എല്ലാ സീറ്റുകളും ബിജെപി തൂത്തുവാരിയ രാജസ്ഥാനിൽ പക്ഷേ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. 2018-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ഇവിടെ ഭരണത്തിലെത്തിയത് അവർക്ക് ആത്മവിശ്വാസം പകരുന്നു. ഇത്തവണ തെര‍ഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും നേർക്കു നേർ മത്സരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാൻ. മറ്റിടങ്ങളിലെല്ലാം സഖ്യങ്ങളുമായി ചേർന്നാണ് ഇരുപാർട്ടികളും മത്സരിക്കുന്നത്. 

ഉത്തർപ്രദേശ്

13 സീറ്റുകളാണ് ഉത്തർപ്രദേശിലും പോളിംഗ് ബൂത്തിലെത്തുന്നത്. എല്ലാ സീറ്റുകളിലും ബിജെപിയും എസ്‍പി - ബിഎസ്‍പി സഖ്യമാണ് നേർക്കു നേർ ഏറ്റുമുട്ടുന്നത്. ഇതിൽ കനൗജ് മണ്ഡലമാണ് എസ്‍പിയുടെ അഭിമാനപ്പോരാട്ടം നടക്കുന്ന സീറ്റ്.

2014-ൽ ഈ 13 സീറ്റുകളിൽ 12-ഉം ബിജെപിയാണ് നേടിയത്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിൾ യാദവാണ് ഇവിടെ മത്സരിച്ച് ജയിച്ചത്. ഇത്തവണയും കനൗജിൽ ഡിംപിൾ യാദവ് തന്നെയാണ് മത്സരിക്കുന്നത്. 

മൂന്ന് മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസും ശക്തമായ മത്സരം കാഴ്ച വയ്ക്കും. ഉന്നാവോയിൽ അന്നു ഠണ്ഡനും, ഫരൂഖാബാദിൽ സൽമാൻ ഖുർഷിദും കാൻപൂരിൽ ശ്രീപ്രകാശ് ജയ്‍സ്‍വാളും. 

ഒഡിഷ

ഒഡിഷയിൽ ഇപ്പോൾ പോളിംഗ് ബൂത്തിലെത്തുന്ന ആറ് സീറ്റുകളോടെ തെരഞ്ഞെടുപ്പ് പൂർത്തിയാവുകയാണ്. ബിജെപിയും കോൺഗ്രസും ബിജു ജനതാദളും തമ്മിൽ ആവേശപ്പോരാട്ടം. ബിജെപി ദേശീയ പ്രസിഡന്‍റ് ബൈജയന്ത് പാണ്ഡെ (കേന്ദ്രപാറ) കോൺഗ്രസ് പിസിസി അദ്ധ്യക്ഷൻ നിരഞ്ജൻ പട്‍നായിക് (ഭണ്ഡാരി പൊഖാരി) എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖർ. 41 നിയമസഭാ മണ്ഡലങ്ങളിലും ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നു. 

ബിഹാർ

ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സീറ്റുകളിൽ ബെഗുസരായിയിലെ കനയ്യ കുമാർ - ഗിരിരാജ് സിംഗ് പോരാട്ടം തന്നെയാണ് ഈ ഘട്ടത്തിൽ രാജ്യം ഉറ്റുനോക്കുന്നത്. 2014-ൽ നേടിയ അഞ്ച് സീറ്റുകളും നിലനിർത്താൻ ബിജെപി ശ്രമിക്കുമ്പോൾ ആർജെഡി - കോൺഗ്രസ് സഖ്യം കനത്ത മത്സരം തന്നെ കാഴ്ച വയ്ക്കുന്നു. 

ജാർഖണ്ഡ്

ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്ന ജാർഖണ്ഡിൽ ഈ ഘട്ടത്തിൽ മൂന്ന് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോഹർദാഗ, ഛത്ര, പലാമു എന്നീ മണ്ഡലങ്ങൾ.

പശ്ചിമബംഗാൾ

തുടർച്ചയായ തെരഞ്ഞെടുപ്പ് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമബംഗാളിൽ കനത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. തൃണമൂൽ - ബിജെപി - കോൺഗ്രസ് - ഇടത് പോരാട്ടമാണ് ഇത്തവണ പശ്ചിമബംഗാളിൽ നടക്കുന്നത്. ആകെ എട്ട് സീറ്റുകളിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ജമ്മു കശ്മീരിൽ രണ്ട് തവണയായി ഒരു മണ്ഡലത്തിൽ തെരഞ്ഞടുപ്പ് നടത്തുകയാണ് അനന്ത് നാഗ് മണ്ഡലത്തിൽ. അനന്ത് നാഗിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന്. 

Follow Us:
Download App:
  • android
  • ios