Asianet News MalayalamAsianet News Malayalam

'ആക്രമിച്ചോളൂ, കൂടുതല്‍ ശക്തയാകും'; ഡിഗ്രി വിവാദത്തില്‍ പരിഹസിക്കുന്നവരോട് സ്മൃതി ഇറാനി

കഴിഞ്ഞ അഞ്ച് വര്‍ഷമായി എങ്ങനെയൊക്കെ ചെയ്യാമോ അങ്ങനെയൊക്കെ അവര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. സ്ത്രീ എന്ന രീതിയില്‍ പോലും അപമാനിക്കുന്ന അവസ്ഥ വന്നു

smrithi irani response to congress over graduation row
Author
Amethi, First Published Apr 12, 2019, 6:59 PM IST

അമേഠി: ഡിഗ്രി വിവാദത്തില്‍ തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി സ്മൃതി ഇറാനി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ബിരുദപഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും പരിഹാസവും വിമര്‍ശനങ്ങളും തുടരുകയാണ്.

ഇതോടെയാണ് വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എങ്ങനെയൊക്കെ ചെയ്യാമോ അങ്ങനെയൊക്കെ അവര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. എത്രമാത്രം തന്നെ അപമാനിക്കാന്‍ നോക്കുന്നോ, എത്രമാത്രം തന്നെ ആക്രമിക്കുന്നോ, അത്രയും താന്‍ ശക്തയാവുകയാണ്.

കൂടുതല്‍ കരുത്തോടെ അമേഠിയില്‍ കോണ്‍ഗ്രസിന്‍റെ പരാജയത്തിനായി പ്രവര്‍ത്തിക്കുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. സ്മൃതി ഇറാനി പണ്ട് അഭിനയിച്ച സൂപ്പർ ഹിറ്റ് സീരിയൽ 'ക്യൂൻകി സാസ് ഭീ കഭീ ബഹൂ ഥീ'യുടെ ടൈറ്റിൽ ഗാനത്തിന്‍റെ പാരഡി പാടിയായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ചതുർവേദി സ്മൃതി ഇറാനിയെ പരിഹസിച്ചത്.

സ്മൃതി ഇറാനി അഭിനയിക്കുന്ന ഒരു പുതിയ സീരിയൽ വരുന്നുണ്ടെന്ന് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രിയങ്ക പരിഹസിച്ചു. 'ക്യൂൻകി മന്ത്രീജി ഭീ കഭീ ഗ്രാജ്വേറ്റ് ഥീ' എന്നാണ് സീരിയലിന്‍റെ പേര് (കാരണം, മന്ത്രീജിയും ഒരിക്കൽ ബിരുദധാരിയായിരുന്നു) പ്രിയങ്ക പറഞ്ഞു. ഇതിനുള്ള മറുപടിയാണ് സ്മൃതി ഇറാനി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.  
 

Follow Us:
Download App:
  • android
  • ios