ലക്നൗ: സോണിയ ഗാന്ധി ഇന്ന് ഉത്തർ പ്രദേശിലെ റായ്ബറേലി ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പട്ടിക സമർപ്പിക്കും. സോണിയക്കൊപ്പം റായ്‌ബറേലിയിൽ എത്തുന്ന പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തിയേക്കും. സോണിയ ഗാന്ധി ഇത് അഞ്ചാം തവണയാണ് റായ്‍ബറേലിയിൽ നിന്ന് ജനവിധി തേടുന്നത്. മെയ് ആറിന് അഞ്ചാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ദിനേശ് പ്രതാപ് സിംഗാണ് സോണിയ ഗാന്ധിയുടെ എതിരാളി.

രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠി മണ്ഡലത്തിലും ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നാമ നിർദ്ദേശപത്രിക സമർപ്പണത്തിനായെത്തുന്ന സ്മൃതി ഇറാനിയെ അനുഗമിക്കും. സ്മൃതി ഇറാനിയും യോഗി ആദിത്യനാഥും റോഡ് ഷോ നടത്തിയ ശേഷമായിരിക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. അമേത്തിയിലും അഞ്ചാം ഘട്ടത്തിൽ മെയ് ആറിനാണ് വോട്ടെടുപ്പ്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ എസ്‍പി - ബിഎസ്‍പി സഖ്യം റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ സ്ഥാർത്ഥികളെ നിർത്തിയിട്ടില്ല.