ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തും മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്‍ദാനങ്ങൾ ഓർമ്മപ്പെടുത്തി യുപിഎ അധ്യക്ഷ സോണിയ ​ഗാന്ധി. ജനങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ ആയുധമാണ് വോട്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. 

'ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ വോട്ട് രേഖപ്പെടുത്തും. വളരെ പ്രധാനപ്പെട്ടതും ശക്തവുമായ ആയുധമാണ് നിങ്ങളുടെ കയ്യിലെ വോട്ട്. മോദി നല്‍കിയ വാഗ്‍ദാനങ്ങളെ കുറിച്ച് ഓര്‍മ വേണം. ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നല്‍കുമെന്ന വാഗ്‍ദാനം മുതല്‍ രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്ന വാഗ്‍ദാനം വരെ നിങ്ങൾക്ക് ഓര്‍മ വേണം. രാജ്യത്തെ യുവാക്കള്‍ ഇപ്പോഴും തൊഴില്‍ അന്വേഷിച്ച് നടക്കുകയാണ്', സോണിയ ഗാന്ധി പറഞ്ഞു. 

കോണ്‍ഗ്രസ് വിട്ടുപോയ ദിനേശ് പ്രതാപ് സിം​ഗാണ് റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അതേസമയം മണ്ഡലത്തിൽ സോണിയക്കെതിരെ ബിഎസ്പി–എസ്പി–ആര്‍എല്‍ഡി സഖ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് ആറിനാണ് റായ്ബറേലിയിൽ വോട്ടെടുപ്പ് നടക്കുക. നിലവില്‍ റായ്ബറേലിയിലെ സിറ്റിങ് എംപിയാണ് സോണിയ ഗാന്ധി.