ലക്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. യുപിയിലെ കരുത്തരായ എസ്‍പിയും ബിഎസ്‍പിയും സഖ്യമായാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഈ സഖ്യം രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും സോണിയ ഗാന്ധിയുടെ റായ്‍ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ഈ മണ്ഡലങ്ങളില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കണമെന്നാണ് മായാവതി ആഹ്വാനം ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ബിഎസ്പി നേതാവ് പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ തന്നെയാണ്. അതുകൊണ്ടാണ് ഇരുപാര്‍ട്ടികളുമായുള്ള സഖ്യത്തില്‍ നിന്ന് അകന്ന് നിന്നത്. പക്ഷേ, ഈ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍പ്പിക്കേണ്ടതിനാണ് പ്രാധാന്യം കൊടുക്കുന്നത്.

അതിനാല്‍ റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് മായാവതി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യ നാല് ഘട്ടങ്ങളിലും വലിയ പിന്തുണയാണ് എസ്പി-ബിഎസ്പി സഖ്യത്തിന് ജനങ്ങള്‍ നല്‍കിയത്. ഇത് ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്.

ഈ സഖ്യം കേന്ദ്രത്തില്‍ ഒരു പുതിയ പ്രധാനമന്ത്രിയെ സൃഷ്ടിക്കുക മാത്രമല്ല ചെയ്യാന്‍ പോകുന്നത്, സര്‍ക്കാരുണ്ടാക്കുകയും ചെയ്യും. മേയ് 23ന് ഇപ്പോഴുള്ള ഏകാധിപത്യ ഭരണത്തില്‍ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കും. നേരത്തെ, കോണ്‍ഗ്രസിന് അനുകൂലമാണ് ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.