മലപ്പുറം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥി ആരാകണമെന്നതിനെച്ചൊല്ലി പാർട്ടിയിൽ പൊട്ടിത്തെറി. മഞ്ചേശ്വരത്തിന് പുറത്തുള്ളവരെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ലീഗിൽ ഒരു വിഭാഗം നേതാക്കൾ രംഗത്ത് വന്നു. ലീഗിന്‍റെ കാസർകോട് ജില്ലാ പ്രസിഡന്‍റ് ജില്ലാ പ്രസിഡന്‍റ് എം സി കമറുദ്ദീന്‍റെ പേരുന്നയിച്ചപ്പോഴാണ് എതിർപ്പുയർന്നത്. കന്നഡ ഭാഷാമേഖലയിൽ നല്ല സ്വാധീനമുള്ള, യുവത്വത്തിന്‍റെ പ്രാതിനിധ്യമായ യൂത്ത് ലീഗ് നേതാവ് എ കെ എം അഷ്റഫിനെ കളത്തിലിറക്കണമെന്നാണ് പ്രാദേശിക ഭാരവാഹികളടക്കം ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ ഒരു തർക്കം ഉടലെടുത്തതിനെത്തുടർന്ന്, ഇന്ന് പ്രഖ്യാപനമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് പറയേണ്ടിവന്നു. നാളെയോടെ പ്രശ്നത്തിൽ ഒരു ഒത്തുതീർപ്പുണ്ടാകുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. 

ഇതിനിടെ യൂത്ത് ലീഗിലെ ഉപ്പള ഉൾപ്പടെയുള്ള പ്രാദേശികസമിതികളിലെ നേതാക്കൾ പാണക്കാട് തങ്ങളുടെ കൊടപ്പനയ്ക്കൽ തറവാടിന് മുന്നിൽ ചെറിയ പ്രതിഷേധം ഉയർത്തുന്നതും കണ്ടു. ലീഗിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലാത്തതാണ്. പക്ഷേ, പ്രതിഷേധം ഉയർന്നതോടെ, കുഞ്ഞാലിക്കുട്ടി തന്നെ വിശദീകരണവുമായി ഉടൻ രംഗത്തെത്തി. ''പാർട്ടിയിൽ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കമെന്ന വാർത്തയെല്ലാം നിങ്ങളുണ്ടാക്കുന്നതാണ്. അതിന്‍റെ ഉത്തരവാദിത്തവും നിങ്ങൾക്ക് തന്നെയായിരിക്കും. ഒരു സ്ഥാനാർത്ഥി നിർണയമാകുമ്പോൾ പല തരത്തിലുള്ള അഭിപ്രായങ്ങളുമുണ്ടാകും. അതിനെയൊന്നും ഇത്തരത്തിൽ കാണേണ്ടതില്ല'', കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

സ്ഥാനാർത്ഥിപ്രഖ്യാപനം നാളെയുണ്ടാകുമോ എന്ന ചോദ്യത്തിന് ''മിക്കവാറും നാളെയോ, അല്ലെങ്കിൽ മറ്റന്നാളോ പ്രഖ്യാപനമുണ്ടാകും'' എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ''മണ്ഡലം, ജില്ലാ, പ്രാദേശിക കമ്മിറ്റികളുമായൊക്കെ കൺസൾട്ട് ചെയ്യാനുണ്ട്. അതിലെ പല അഭിപ്രായങ്ങൾ നമ്മൾ തമ്മിലല്ല, ഞങ്ങൾ തമ്മിൽ സംസാരിക്കേണ്ടതാണെ''ന്ന് ചിരിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. 

വളരെ എളുപ്പത്തിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാമെന്ന പ്രതീക്ഷയോടെയാണ് ഇന്ന് ലീഗ് നേതൃത്വം പാണക്കാട്ട് യോഗം ചേർന്നത്. എം സി കമറുദ്ദീൻ കാലങ്ങളായി ജില്ലയിൽ ലീഗിന്‍റെ ഭാരവാഹിയാണ്. പല തവണ, പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും കമറുദ്ദീന്‍റെ പേര് ഉയർന്നുവന്നിരുന്നതാണ്. അവസാനനിമിഷമാണ് പലതും തഴയപ്പെടാറ്. ഇത്തവണ അദ്ദേഹത്തെക്കൂടി സജീവമായി പരിഗണിച്ച് മുന്നോട്ടുപോകണമെന്ന ധാരണയാണ് നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാൽ ഈ പേര് ഉന്നയിച്ചതോടെ യോഗത്തിൽ പ്രാദേശിക നേതൃത്വം ശക്തമായ എതിർപ്പുയർത്തി. ഉപ്പളയിൽ നിന്നുള്ള യൂത്ത് ലീഗടക്കമുള്ള നേതാക്കളാണ് എതിർപ്പ് ഉന്നയിച്ചത്. 

എന്നാൽ തർക്കമോ എതിർപ്പോ ഉന്നയിക്കരുത്. മഞ്ചേശ്വരം പോലെ നിർണായകമായ ഒരു മണ്ഡലത്തിൽ ബിജെപിക്കെതിരെ മത്സരിക്കാനുള്ളതാണെന്ന് ലീഗ് നേതൃത്വം പറഞ്ഞെങ്കിലും പ്രശ്നങ്ങൾ സമവായത്തിലെത്തിയില്ല. എതിർപ്പുയർന്നാൽ അതിന് ദേശീയതലത്തിൽ വരെ ശ്രദ്ധ കിട്ടുമെന്ന് ലീഗ് നേതൃത്വം പറഞ്ഞു. പക്ഷേ, ഒരു വിഭാഗം യൂത്ത് ലീഗ് പ്രാദേശികഭാരവാഹികൾ യോഗം പൂർത്തിയാകുന്നതിന് മുമ്പേ ഇറങ്ങി, പ്രതിഷേധിക്കുകയായിരുന്നു. 

സമവായമായില്ലെങ്കിൽ കാസർകോട്ടെ മുൻ എംഎൽഎ സി ടി അഹമ്മദലിയെ സമവായ സ്ഥാനാർത്ഥിയായി ഇറക്കാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചനകൾ. മുമ്പ്, ഏഴ് തവണ കാസർകോട് മണ്ഡലത്തെ പ്രതിനിധീകരിച്ച മുതിർന്ന നേതാവാണ് സി ടി അഹമ്മദ് അലി. ഇപ്പോൾ കുറച്ചുകാലമായി രാഷ്ട്രീയരംഗത്ത് സജീവമല്ലെങ്കിലും. ദീർഘകാലത്തെ പരിചയം തന്നെയാണ് അഹമ്മദ് അലിയുടെ ഏറ്റവും വലിയ മുൻതൂക്കവും.