തിരുവനന്തപുരം: നെഗറ്റീവ് വോട്ടുകൾ കോൺഗ്രസിന് പോയിരിക്കാം എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കഴി‌ഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പരാമർശത്തിന് ഇന്ന് തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിൽ വിശദീകരണം നൽകുകയായിരുന്നു ശ്രീധരൻ പിള്ള. ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകൾ യുഡിഎഫിന് പോയിരിക്കാം എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം.

യുഡിഎഫിന്‍റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങൾ കാരണമാണ് ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകൾ യുഡിഎഫിലേക്ക് പോകാൻ കാരണമായതെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരൻ പിള്ള അന്ന് കുറ്റപ്പെടുത്തിയിരുന്നു.

ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു എന്ന് മുൻപ് അഭിപ്രായപ്പെട്ട പിഎസ് ശ്രീധരൻ പിള്ള എക്സിറ്റ്പോൾ ഫലങ്ങൾ വന്ന ശേഷം പക്ഷെ ശബരിമല പ്രക്ഷോഭത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല ബിജെപി കണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്. തിരുവനന്തപുരം ഒഴിച്ച് നിര്‍ത്തിയാൽ ബിജെപിക്ക് പറയത്തക്ക സാധ്യത കൽപ്പിക്കാത്ത എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാമ്പിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്.  എക്സിറ്റ് പോളുകൾ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.