ദില്ലി: 2019 ലോകസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തില്‍ പത്ത് സംസ്ഥാനങ്ങളിലെ 91 ലോക്സഭാ മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ആന്ധ്രാപ്രദേശ്,ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഇന്നാണ്. മുൻ ബിജെപി അദ്ധ്യക്ഷൻ നിതിൻ ഗഡ‍്കരിയടക്കം നിരവിധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്.

ഇന്ന് തെര‌ഞ്ഞെടുപ്പ് നേരിടുന്ന അഞ്ച് പ്രമുഖർ

നിതിൻ ഗഡ്കരി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയും ബിജെപി മുൻ ദേശീയ അധ്യക്ഷനുമായ നിതിൻ ഗഡ്കരി ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ നിന്നാണ് ജനവിധി തേടുന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി മുൻ എംപി നാനാ പാഠോലെയാണ് ഗഡ്കരിയുടെ എതിരാളി. 

കിരൺ റിജിജു: കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരൺ റിജിജു പടിഞ്ഞാറൻ അരുണാചലിൽ നിന്നാണ് ജനവിധി തേടുന്നത്. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി നബാം തുകിയെ തന്നെയാണ് കോൺഗ്രസ് റിജിജുവിനെതിരെ രംഗത്തിറക്കിയിരിക്കുന്നത്. നാഷണൽ പീപ്പിൾ പാർട്ടിയുടെ ഖ്യോദ അപിക്കും ഇവിടെ നിന്ന് ജനവിധി തേടുന്നുണ്ട്.
 
വി കെ സിങ്ങ്: മുൻ കരസേന മേധാവി വി കെ സിങ്ങാണ് ഇന്ന് ജനവിധി തേടുന്ന മറ്റൊരു പ്രമുഖൻ. വിദേശകാര്യ സഹമന്ത്രിയായ വി കെ സിങ്ങ് ഉത്തർപ്രദേശി ഗാസിയാബാദിൽ നിന്നാണ് ജനവിധി തേടുന്നത്. എസ്പി-ബിഎസ്പി സഖ്യസ്ഥാനാർത്ഥി സുരേഷ് ബൻസാലും കോൺഗ്രസിന്‍റെ ഡോളി ശർമ്മയുമാണ് പഴയ പട്ടാളക്കാരനെതിരെ യുദ്ധഭൂമിയിൽ നേരിടുന്നത്.

അസദ്ദൂദ്ദീൻ ഒവൈസി: തെലുങ്കാനയിലെ ഹൈദരാബാദ് മണ്ഡലത്തിൽ നിന്നാണ് എഐഎംഐഎം നേതാവായ ഒവൈസി ഇക്കുറിയും ജനവിധി തേടുന്നത്. 2004 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഒവൈസിയാണ്.

അജിത് സിങ്ങ്: എൺപത്കാരനായ രാഷ്ട്രീയ ലോക് ദൾ നേതാവ് എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയായി മുസാഫ‌ർനഗറിൽ നിന്നാണ് ജനവിധി തേടുന്നത്. മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബൽയാനാണ് മുസാഫർ നഗറിൽ അജിത് സിങ്ങിന്‍റെ എതിരാളി. മണ്ഡലത്തിലെ ജാട്ട് വോട്ടുകളിലാണ് അജിത് സിങ്ങ് പ്രതീക്ഷ അർപ്പിക്കുന്നത്. 2013ലെ വർഗ്ഗീയ കലാപത്തിന്‍റെ മുറിവുണങ്ങാത്ത മുസാഫർപൂർ ഇത്തവണ ആരെ പിന്തുണക്കുമെന്ന് കാത്തിരുന്ന് കാണണം.

 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

അസമിലും ഒഡീഷയിലും നാലു സീറ്റുകൾ വീതം ഇന്ന് വിധിയെഴുതുകയാണ്. മഹാരാഷ്ട്രയിൽ നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഉൾപ്പടെ ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിൽ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്.  ബിഹാറിലെ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി ചേരുമ്പോൾ ആകെ 91 മണ്ഡലങ്ങൾ.

ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും പുരോഗമിക്കുകയാണ്. തെക്കേ ഇന്ത്യയിലെ നാല്പത്തിയഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍. ഉത്തര്‍ പ്രദേശിലെ എട്ടു സീറ്റും 2014 ല്‍ ബിജെപി വിജയിച്ചതാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കൈരാന മണ്ഡലം എസ്‍പി - ബിഎസ്‍പി സഖ്യം പിടിച്ചെടുത്തിരുന്നു. മഹാസഖ്യവും കോണ്‍ഗ്രസും ബിജെപിയ്ക്ക് ഇത്തവണ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.