ബംഗലുരു: മലയാളക്കരയില്‍ ക്ലാരയെന്ന കഥാപാത്രം തീര്‍ത്ത ഓളം ഇനിയും കെട്ടടങ്ങിയിട്ടില്ല. പദ്മരാജന്‍റെ തൂവാനത്തുമ്പികളിലെ ക്ലാരയെന്ന
കഥാപാത്രമായെത്തിയ സുമലത രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ്. കന്നഡ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമാകാന്‍ തയ്യാറെടുക്കുന്ന സുമലതയെ പാളയത്തിലെത്തിക്കാനുള്ള നിക്കത്തിലാണ് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളിപ്പോള്‍.

അടുത്തിടെ അന്തരിച്ച കന്നഡയിലെ പ്രമുഖ നടനും രാഷ്ട്രീയ നേതാവും മന്ത്രിയുമൊക്കെയായിരുന്ന അംബരീഷിന്‍റെ ഭാര്യ കൂടിയായ സുമലത
ഭര്‍ത്താവിന്‍റെ മണ്ഡലമായ മാണ്ഡ്യയില്‍ ജനവിധി തേടുമെന്ന് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം
സുമലതയ്ക്ക് പൂര്‍ണ സമ്മതം അറിയിച്ചിരുന്നു. മാണ്ഡ്യയിൽ മത്സരിക്കാൻ സുമലതയ്ക്ക് എല്ലാ അർഹതയുമുണ്ടെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവു പറഞ്ഞിരുന്നത്.

എന്നാല്‍ മാണ്ഡ്യയിലെ സീറ്റ് ഘടകകക്ഷിയായ ജെ ഡി എസിന്‍റെ പോക്കറ്റിലാണെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയായി മാറുകയായിരുന്നു. സീറ്റ് പിടിച്ചെടുക്കാനുളള കോൺഗ്രസ് നീക്കം എന്ന നിലയിലുളള പ്രതിരോധം ജെ ഡി എസ് ഉയര്‍ത്തിയതോടെ സുമലതയ്ക്കുള്ള കോണ്‍ഗ്രസ് ടിക്കറ്റിന്‍റെ കാര്യത്തിലും അനിശ്ചിതത്വം കലശലായി.

ഇതോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള നിക്കത്തിലായിരുന്നു സുമലത. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാല്‍ പരാജയപ്പെടുമോയെന്ന ആശങ്ക അനുയായികള്‍ ഉയര്‍ത്തിയതോടെ ബിജെപി നിക്കങ്ങളോട് സഹകരിക്കാനുള്ള തീരുമാനത്തിലേക്കാണ് സുമലത എത്തുന്നതെന്നാണ് ബംഗലുരുവില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിജെപി ടിക്കറ്റില്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ അനുയായികളാണ് തീരുമാനമെടുക്കേണ്ടതെന്ന് സുമലത വ്യക്തമാക്കി. കാര്യങ്ങള്‍ ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ താമര ചിഹ്നത്തിലാകും സുമലത മാണ്ഡ്യയില്‍ മത്സരിക്കുക. താരത്തെ പാളയത്തിലെത്തിക്കാനായാല്‍ അത് സംസ്ഥാനത്താകെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.