ബെംഗളൂരു: കോണ്‍ഗ്രസ്- -ജെഡിഎസ് സഖ്യസ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുപ്പ് ഓഫിസര്‍ അന്യായമായി സഹായിക്കുന്നെന്ന് ആരോപിച്ച് സുമലതയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. മണ്ഡ്യയിലെ എതിരാളിയായ നിഖില്‍ കുമാരസ്വാമിയെ ജില്ലാ  തെരഞ്ഞെടുപ്പ് ഓഫീസര്‍ സഹായിക്കുന്നുവെന്നായിരുന്നു സുമലതയുടെ ആരോപണം.

മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ കൂടിയായ നിഖിലിന്‍റെ പത്രികയിലെ പിഴവ് തിരുത്താന്‍ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തി എന്നാണ് സുമലത ആരോപിച്ചത്.   ഇതിന് കലക്ടര്‍ കൂടിയായ മഞ്ജുശ്രീയെ മുഖ്യമന്ത്രി വീട്ടിലേക്കു വിളിച്ചു വരുത്തിയെന്നുമായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ്  മഞ്ജുശ്രീ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. 

എന്നാല്‍ തന്‍റെ പരാതി വസ്തുയാണെന്നാണ് സുമലത രേഖാമൂലം മറുപടിനല്‍കിയിരിക്കുന്നത്. ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് സുമലത. മാണ്ഡ്യ ലോക്‌സഭാ സീറ്റിലാണ് സുമലതാ അംബരീഷ്  മത്സരിക്കുന്നത്. അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥിയെ അവിടെ നിര്‍ത്തേണ്ടതില്ലെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു. സുമലതയുടെ ഭര്‍ത്താവും നടനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന അംബരീഷായിരുന്നു മാണ്ഡ്യയിലെ എംപി. 
 
അദ്ദേഹത്തിന്‍റെ മരണത്തോടെ ഒഴിവുന്ന സീറ്റിന് സുമലത ആവശ്യപ്പെട്ടിരുന്നു. മാണ്ഡ്യ അല്ലാതെ മറ്റൊരു സീറ്റു കൊടുക്കാമെന്നു പറഞ്ഞുവെങ്കിലും സുമലതയ്ക്കു താത്പര്യമില്ലായിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി വിട്ട്  സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.