62 വയസുകാരനായ സണ്ണി ഡിയോള്‍ ബോര്‍ഡര്‍ പോലുള്ള രാജ്യസ്നേഹ, പട്ടാള സിനിമകളിലൂടെ പ്രശസ്തനാണ്.

ചണ്ഡീഗഡ്: ബോളിവുഡ് ആക്ഷന്‍താരം സണ്ണി ഡിയോള്‍ ബിജെപിയിലേക്ക്. അമൃതസറിലോ ഗുരുദാസ് പൂരിലോ ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കഴിഞ്ഞ വെള്ളിയാഴ്ച സണ്ണി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായി കൂടികാഴ്ച നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ കാണുകയും ഒരു ചിത്രമെടുക്കുകയുമാണ് ചെയ്തതെന്നും ഇതില്‍ കൂടുതല്‍ ഒന്നുമില്ലെന്നുമാണ് സണ്ണി ഡിയോള്‍ ഒരു ദേശീയ ചാനലിനോട് പറയുന്നത്.

അതേ സമയം അമൃതസറിലാണ് സണ്ണി മത്സരിക്കാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ താനും കേട്ടിട്ടുണ്ടെന്ന് സണ്ണിയും പറയുന്നു. പഞ്ചാബില്‍ 3 സീറ്റുകളില്‍ ആണ് ബിജെപി മത്സരിക്കുന്നത്. അമൃതസര്‍, ഗുരുദാസ്പൂര്‍, ഹോസിയാപൂര്‍. പഞ്ചാബില്‍ 13 സീറ്റാണ് ആകെ ഉള്ളത്. ബാക്കി പത്ത് സീറ്റുകളില്‍ എന്‍ഡിഎ സഖ്യകക്ഷി ശിരോമണി അകാലിദള്‍ ആണ് മത്സരിക്കുന്നത്. 

62 വയസുകാരനായ സണ്ണി ഡിയോള്‍ ബോര്‍ഡര്‍ പോലുള്ള രാജ്യസ്നേഹ, പട്ടാള സിനിമകളിലൂടെ പ്രശസ്തനാണ്. അമൃതസറില്‍ നിന്നും നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേട്ട പേരുകള്‍ പൂനം ദില്ലന്‍റെയും, മോഹന്‍ സിംഗ് ചിന്നയുടെയും ആയിരുന്നു. അതിനിടെയാണ് സണ്ണി ഡിയോളിന്‍റെ പേര് ഉയര്‍ന്നുവരുന്നത്. ഇതേ സമയം ഗുരുദാസ് പൂരില്‍ നടന്‍ വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയോ, മകന്‍ അക്ഷയ് ഖന്നയോ മത്സരിക്കും എന്നാണ് സൂചന.