Asianet News MalayalamAsianet News Malayalam

' വോട്ടല്ല, ഇത്തിരി ചോറുതരുമോ ' ? എന്ന് ചോദിച്ച് സുരേഷ് ഗോപി

വീടിനകത്ത് കയറിയ സ്ഥാനാര്‍ത്ഥി കൈകഴുകി തീന്‍മേശയ്ക്ക് മുമ്പിലിരുന്നു. അധികം വൈകാതെ  മുതിരത്തോരനും അച്ചാറും തീയലും സാമ്പാറും ചേർത്ത ഊണുമായി വീട്ടുകാര്‍ എത്തി.

Suresh Gopi asks food instead of vote in thrissur
Author
Thrissur, First Published Apr 9, 2019, 12:29 PM IST

തൃശ്ശൂര്‍: ഇത്തിരി ചോറുതരുമോ? ചോദിക്കുന്നത് നടനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി ആകുമ്പോള്‍ ചോറല്ല, സദ്യ തന്നെ കൊടുത്തുപോകും. വോട്ട് പിടിക്കാനുള്ള യാത്രയില്‍ സുരേഷ് ഗോപി എത്തിയത് പീടികപ്പറമ്പ് അയ്യപ്പന്‍കാവിലിലെ സുനിലിന്‍റെയും സൗമ്യയുടെയും വീട്ടില്‍. വെള്ളിത്തിരയിലെ താരത്തെ ഒന്ന് അടുത്ത് കാണണമെന്ന് മാത്രമെ സുനിലും സൗമ്യയും ആഗ്രഹിച്ചുള്ളൂ. എന്നാല്‍ സ്ഥാനാര്‍ത്ഥി കൂടിയായ നടന്‍ ചോദിച്ചത് വോട്ടല്ല, ചോറാണ്. 

തിങ്കളാഴ്ച ഉച്ചയോടെയാണ് പീടികപ്പറമ്പ് അയ്യപ്പന്‍കാവിലെ തയ്യില്‍ വീട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ് ഗോപി എത്തിയത്. ഭക്ഷണം ചോദിച്ചപ്പോള്‍ തെല്ലൊന്ന് അമ്പരന്നെങ്കിലും വിഭവങ്ങള്‍ കുറവാണെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഉള്ളത് മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. വീടിനകത്ത് കയറിയ സ്ഥാനാര്‍ത്ഥി കൈകഴുകി തീന്‍മേശയ്ക്ക് മുമ്പിലിരുന്നു. അധികം വൈകാതെ  മുതിരത്തോരനും അച്ചാറും തീയലും സാമ്പാറും ചേർത്ത ഊണുമായി വീട്ടുകാര്‍ എത്തി. ഭക്ഷണം ആസ്വദിച്ച് കഴിച്ച സ്ഥാനാര്‍ത്ഥി വീട്ടുകാര്‍ക്ക് നന്ദി പറയാനും മറന്നില്ല. 

ഊണുകഴിഞ്ഞെങ്കിലും തീയലിന്‍റെ രുചി ഇപ്പോഴും നാവിലുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോള്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന് സുനിലിന്‍റെ ജേഷ്ഠ ഭാര്യ യശോദ മറുപടി നല്‍കി. വീട്ടിലെ ഒരു മുറിയില്‍ കിടപ്പിലായ 80 വയസ്സുള്ള അമ്മിണിയെയും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. ‘മറക്കില്ല ഈ വീടും ഇന്നത്തെ ഊണും. വോട്ടുചെയ്യുമല്ലോ എനിക്ക്’, ഊണിന് ശേഷം വീട്ടുകാര്‍ക്കൊപ്പം ഒരു സെല്‍ഫി കൂടി എടുത്ത് പിരിയുമ്പോള്‍ സുരേഷ് ഗോപി പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios