തൃശൂർ: തൃശൂരിൽ ജയിക്കാൻ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ സംതൃപ്തിയിലാണ് ബിജെപി. ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രിക്ക് തൃശൂരുകാര്‍ നല്‍കിയ മറുപടിയാണ് ബിജെപിയ്ക്ക് കിട്ടിയ വോട്ടുകളെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതേസമയം  വെറും 17 ദിവസങ്ങളാണ് പ്രചാരണ രംഗത്തുണ്ടായിരുന്നതെങ്കിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സുരേഷ് ​ഗോപിക്ക് സാധിച്ചു.  സിനിമയിലേത് പോലെ തന്നെയായിരുന്നു സുരേഷ് ഗോപിയുടെ തൃശൂരിലേക്കുള്ള പ്രവേശനവും.

ഏകദേശം രണ്ട് ലക്ഷം വോട്ടുകളുടെ വര്‍ധനവാണ് സുരേഷ് ഗോപി സ്ഥാനാർത്ഥിയായതിലൂടെ ബിജെപിക്ക് അധികം ലഭിച്ചത്. മൂന്നാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചതെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യുവുമായുള്ള വോട്ടുവ്യത്യാസം വെറും 20000 മാത്രമാണ്. തൃശൂർ മണ്ഡലത്തിൽ  293822 വോട്ടുകളാണ് താരം പിടിച്ചത്. അതായത് 2014ൽ മണ്ഡലത്തിൽ ബിജെപിക്ക് ലഭിച്ചതിനെക്കാൾ 191141 വോട്ടുകളുടെ വര്‍ധന.

പാര്‍ലമെന്‍റിലെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, തൃശൂരിനെ എനിക്ക് വേണം, തൃശൂര്‍ ഞാനിങ്ങെടുക്കുവാ... എന്നീ പ്രയോ​ഗങ്ങളും ഗര്‍ഭിണിയുടെ വയറില്‍ തടവിയ വീഡിയോയുമെല്ലാം സുരേഷ് ഗോപിക്ക് വലിയ പ്രചാരം നല്‍കി. 

ഇപ്പോഴിത വിജയിക്കാൻ സാധിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഒപ്പം നിന്നവർക്ക് നന്ദി പറയുകയാണ് സുരേഷ് ​ഗോപി. നല്‍കിയ സ്‌നേഹത്തിനും ഊര്‍ജ്ജത്തിനും വിശപ്പടക്കിയതിനും നന്ദിയുണ്ടെന്ന് പറഞ്ഞ സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം


തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ...!
എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ സ്നേഹത്തിന് നന്ദി!
എന്റെ വിശപ്പടക്കിയ
എന്നെ ചേർത്തു പിടിച്ച 
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാർക്കും സ്നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!
ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയർന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ...!