വിജവാഡ: തെരഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് വോട്ടിന് വേണ്ടി നടന്നുവെന്ന വെളിപ്പെടുത്തലുമായി രാഷ്ട്രീയ നേതാവ്. ആന്ധ്രപ്രദേശിലെ തെലുങ്കുദേശം പാര്‍ട്ടി എം.പി ജെ.സി ദിവാകര്‍ റെഡ്ഡിയാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ആന്ധ്രാപ്രദേശില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വോട്ടിന് വേണ്ടി വന്‍തോതില്‍ പണം ഇറക്കിയെന്ന് ഇദ്ദേഹം പറയുന്നു. ഒരു വോട്ടിന് 2,500 രൂപയാണ് ചെലവാക്കുന്നത്. എല്ലാ പാര്‍ട്ടികളും പണം കൊടുക്കുന്നു. ടി.ഡി.പി ഉള്‍പ്പെടെ എല്ലാ കക്ഷികളും ആന്ധ്രയില്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വാങ്ങാന്‍ 10,000 കോടി രൂപ മുടക്കിയിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ 10 ദിവസത്തിന് ശേഷം അന്ധ്രയിലെ ഭരണകക്ഷി എംപി പറയുന്നത്.

'ആന്ധ്രയില്‍ ഈ മാസം 11ന് തെരഞ്ഞെടുപ്പ് നടന്നിരുന്നു. പ്രചാരണത്തിന് പോകുമ്പോള്‍ ജനങ്ങള്‍ പണം ചോദിക്കുന്നത് പതിവായിരിക്കുകയാണ്. എല്ലാ കക്ഷികളും 2000 രൂപ വീതം നല്‍കുന്നു. അതുകൊണ്ട് നിങ്ങള്‍ 2500 നല്‍കണം. ഓരോ സ്ഥാനാര്‍ത്ഥിക്കും സ്വന്തം മണ്ഡലത്തില്‍ കുറഞ്ഞത് 50 കോടിയെങ്കിലും ഈ ഇനത്തില്‍ ചെലവുവരും. എല്ലാ കക്ഷികളും കൂടി 10,000 കോടി എങ്കിലും മുടക്കി കാണും. അതില്‍ ആരെയും പഴിപറയാന്‍ പറ്റില്ല. എവിടെ നിന്നാണ് ഈ പണം വരുന്നത്. അഴിമതിയില്‍ കൂടി സമ്പാദിക്കുന്നതാണിത്-റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. 

കൂലിതൊഴിലാളികള്‍ ഏറെയുളള മണ്ഡലത്തില്‍ ചിലപ്പോള്‍ 5000 രൂപ വരെ ഒരു വോട്ടിന് നല്‍കേണ്ടിവരുമെന്നാണ് റെഡ്ഡി പറയുന്നത്. അനന്തപുര്‍ മണ്ഡലത്തിലെ സിറ്റിംഗ് എം.പിമാണ് റെഡ്ഡി. തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ പണമൊഴുകുന്ന മണ്ഡലങ്ങളിലൊന്നാണിത്. ഇദ്ദേഹത്തിന്റെ മകന്‍ ജെ.സി പവന്‍ റെഡ്ഡിയും ഇത്തവണ മത്സരിക്കുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശ്. 116 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 200 കോടിയോളം രൂപയുടെ സ്വര്‍ണം, വെള്ളി, മദ്യം എന്നിവയും പിടിച്ചെടുത്തിരുന്നു.