ദില്ലി: നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിലെ മന്ത്രിമാരുടെ ടീമായി. കേരളത്തിൽ നിന്ന്, രാജ്യസഭാ എംപിയായ വി മുരളീധരനടക്കം, 51 പേർക്ക് ഇതുവരെ മന്ത്രിസഭയിൽ അംഗത്വമുണ്ടാകുമെന്ന അറിയിപ്പുമായി വിളിയെത്തി. അൽപസമയത്തിനകം നരേന്ദ്രമോദി നിയുക്ത മന്ത്രിമാരെ കാണും. വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതിഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ.

പഴയ മന്ത്രിസഭയിൽ ഉണ്ടായിരുന്ന പരിചയസമ്പന്നർക്കൊപ്പം പുതിയ മുഖങ്ങളെയും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ കേന്ദ്രമന്ത്രിസഭ. ഒറ്റയ്ക്ക് കേവലഭൂരിപക്ഷം മാത്രമല്ല, 300 സീറ്റുകൾ എന്ന മാർക്ക് മറികടന്ന് 303 സീറ്റുകൾ നേടിയ ബിജെപി ഘടകകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം മാത്രമേ നൽകിയിട്ടുള്ളൂ. 

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്ക്

ആദ്യം സംഘടനാതലത്തിൽ ചാണക്യസൂത്രങ്ങളുമായി പാർട്ടി തലപ്പത്ത് അമിത് ഷാ തുടരുമെന്നായിരുന്നു സൂചനയെങ്കിലും അദ്ദേഹം ഇപ്പോൾ കേന്ദ്രമന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന. മന്ത്രിസഭയിലെ കരുത്തനായി, പ്രതിരോധമോ, ധനവകുപ്പോ അമിത് ഷാ കൈകാര്യം ചെയ്യുമെന്നാണ് സൂചന.

മഹാരാഷ്ട്ര, ദില്ലി, ഹരിയാന, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അമിത് ഷായുടെ സാരഥ്യവും ആവശ്യമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ എല്ലാ അഭ്യൂഹങ്ങളെയും ഇല്ലാതാക്കി, നാടകീയമായി അമിത് ഷാ മന്ത്രിസഭയിലെത്തുന്നുവെന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്.

ഗുജറാത്ത് ബിജെപി അധ്യക്ഷൻ ജിതു വഗാനി ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്. തീർത്തും സ്വകാര്യമായാണ് മന്ത്രിസഭയിലെ അംഗങ്ങളുടെ പട്ടിക ഇത്തവണ തയ്യാറാക്കി അന്തിമമായി അംഗീകരിച്ചത്.

കേരളത്തിനും പ്രാതിനിധ്യം

ഉച്ചയോടെയാണ് വി മുരളീധരന് മന്ത്രിസ്ഥാനമുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. മന്ത്രിസ്ഥാനം വേണമെങ്കിൽ രാജ്യസഭയിലിപ്പോഴുള്ള അംഗങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ എന്ന സൂചനയാണ് രാവിലെ മുതൽ ഉണ്ടായിരുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ മൂന്ന് പേരാണ് ബിജെപിയിൽ നിന്ന് രാജ്യസഭയിലുള്ളത്. സുരേഷ് ഗോപി നോമിനേറ്റഡ് അംഗമാണ്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുമ്പ് കേന്ദ്രമന്ത്രിസഭയിലെ ടൂറിസം സഹമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം. മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗമാണ് വി മുരളീധരൻ. ചർച്ചകൾക്കൊടുവിൽ വി മുരളീധരന് നറുക്ക് വീഴുകയായിരുന്നു. 

സംഘടനാതലത്തിൽ താഴേത്തട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവെന്ന നിലയിലാണ് മുരളീധരനെ തെരഞ്ഞെടുത്തതെന്നാണ് സൂചന. ആന്ധ്രാ പ്രദേശിന്‍റെ സംഘടനാ ചുമതലയുണ്ടായിരുന്ന നേതാവാണ് വി മുരളീധരൻ.

പഴയതും പുതിയതും!

സ്മൃതി ഇറാനി, രാജ്‍നാഥ് സിംഗ്, നിർമലാ സീതാരാമൻ, പ്രകാശ് ജാവദേക്കർ, ബബുൽ സുപ്രിയോ എന്നിവർ ഇത്തവണയും കേന്ദ്രമന്ത്രിസഭയിലുണ്ട്. ശിവസേന, ജെ‍ഡിയു, അകാലി ദൾ, എൽജെപി, അണ്ണാ ഡിഎംകെ എന്നീ സഖ്യകക്ഷികൾക്ക് ഇത്തവണ കേന്ദ്രമന്ത്രിപദമുണ്ട്. 

ഇതുവരെ കേന്ദ്രമന്ത്രിസഭയിലെത്തിയ ബിജെപി നേതാക്കൾ:

 1. അർജുൻ രാം മേഘ്‍വാൾ
 2. നിതിൻ ഗഡ്‍കരി
 3. പ്രകാശ് ജാവദേക്കർ
 4. മുഖ്‍താർ അബ്ബാസ് നഖ്‍വി
 5. രാംദാസ് അത്താവ്‍ലെ
 6. പിയൂഷ് ഗോയൽ
 7. രവി ശങ്കർ പ്രസാദ്
 8. ബബുൽ സുപ്രിയോ
 9. ജിതേന്ദ്രപ്രസാദ്
 10. നിർമലാ സീതാരാമൻ
 11. റാവു ഇന്ദർജീത്
 12. ഒ പി രവീന്ദ്രനാഥ് കുമാർ
 13. കിരൺ റിജ്ജു
 14. സുരേഷ് അംഗാദി
 15. കിഷൻ റെഡ്ഡി
 16. പ്രഹ്ലാദ് ജോഷി
 17. പുരുഷോത്തം രൂപാല
 18. മൻസുഖ് മാണ്ഡവ്യ
 19. ദേബശ്രീ ചൗധുരി
 20. രാം വിലാസ് പസ്വാൻ
 21. ഹർസിമ്രത് കൗർ ബാദൽ
 22. സന്തോഷ് ഗാംഗ്‍വർ
 23. സോംപ്രകാശ്
 24. രാമേശ്വർ തേലി
 25. രമേഷ് പൊഖ്‍റിയാൽ
 26. രാജ്‍നാഥ് സിംഗ്
 27. സുഷമാ സ്വരാജ്
 28. അനുപ്രിയ പട്ടേൽ
 29. കൈലാശ് ചൗധുരി
 30. ക്രിഷൻ പാൽ ഗുർജർ
 31. ഗജേന്ദ്ര സിംഗ് ശെഖാവത്ത്
 32. അരവിന്ദ് സാവന്ത്
 33. ധർമേന്ദ്രപ്രധാൻ
 34. വി കെ സിംഗ്
 35. സുബ്രത പഥക്
 36. സഞ്ജയ് ശാം റാവു ധോത്രെ
 37. നരേന്ദ്രസിംഗ് തോമർ
 38. സഞ്ജീവ് ബല്യാൻ
 39. രാംചന്ദ്ര പ്രസാദ് സിംഗ്
 40. നിത്യാനന്ദ് റായ്
 41. തവർ ചന്ദ്ര ഗെഹ്‍ലോട്ട്
 42. സ്മൃതി ഇറാനി
 43. പ്രഹ്ളാദ് പട്ടേൽ
 44. സദാനന്ദ ഗൗഡ
 45. ഗിരിരാജ് സിംഗ്
 46. മൻസുഖ് വാസവ
 47. രേണുക സിംഗ്
 48. ഹർദീപ് പുരി
 49. ശ്രീപദ് യസോ നായിക്
 50. രത്തൻ ലാൽ കട്ടാരിയ
 51. വി മുരളീധരൻ

നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് കല്യാൺ മാർഗിലെ വസതിയിൽ വച്ചാകും നിയുക്ത കേന്ദ്രമന്ത്രിമാരെ കാണുക. ദില്ലിയിൽ രണ്ട് ദിവസം മാരത്തൺ ചർച്ചകൾ നടത്തിയ ശേഷമാണ് മന്ത്രിമാരുടെ അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്. അമിത് ഷായുടെ അക്ബർ റോഡിലെ വസതിയിൽ ബിജെപിയിലെ മുതിർന്ന നേതാക്കളുടെ തിരക്കാണ്. 

സത്യപ്രതിജ്ഞ 7 മണിക്ക്

രാഷ്ട്രപതി ഭവനിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ ബിംസ്റ്റെക് രാജ്യങ്ങളിൽ നിന്നുള്ള ലോകരാഷ്ട്രത്തലവൻമാരെത്തും. മറ്റൊരു പരിപാടിയിലായതിനാൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ല. പകരം ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൾ ഹമീദ് എത്തും. പാകിസ്ഥാനൊഴികെ ബംഗാൾ ഉൾക്കടലിന്‍റെ കരയിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഓഫ് മൾട്ടി സെക്ടറൽ, ടെക്നിക്കൽ ആന്‍റ് എക്കണോമിക് കോഓപ്പറേഷൻ).

വൈകിട്ട് ആറരയോടെ തുടങ്ങുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി, മ്യാൻമർ പ്രസിഡന്‍റ് യു വിൻ മ്യിൻത്, ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ സെറിംഗ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു. തായ്‍ലൻഡിൽ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂൻറാച് ചടങ്ങിൽ പങ്കെടുക്കും. 

ബിംസ്റ്റെക് രാജ്യങ്ങൾക്ക് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‍നാത്, കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂറോൻബേ ജീൻബെകോവ് എന്നിവർ ചടങ്ങിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. 

സത്യപ്രതിജ്ഞാച്ചടങ്ങുകൾ വൈകിട്ട് ആറര മുതൽ എല്ലാ ദൂരദർശൻ ചാനലുകളിലും ഏഷ്യാനെറ്റ് ന്യൂസിലും ഓൺലൈനിലും തത്സമയം സംപ്രേഷണം ചെയ്യും. രാഷ്ട്രപതി ഭവന്‍റെ മുന്നിലെ വിശാലമായ മുറ്റത്താകും ചടങ്ങുകൾക്കുള്ള പ്രത്യേക വേദി ഒരുക്കുക. ഇവിടെ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സാധാരണ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താറ്. 

പക്ഷേ ഇത്തവണ എത്തുന്ന അതിഥികളുടെ എണ്ണം അടക്കം കണക്കിലെടുത്താണ് ചടങ്ങ് രാഷ്ട്രപതിഭവന്‍റെ മുൻഭാഗത്തേക്ക് മാറ്റിയത്. 6500-ലധികം പേർ ചടങ്ങിനെത്തുമെന്നാണ് കണക്കുകൂട്ടൽ. 2014-ൽ ഏതാണ്ട് അയ്യായിരം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.

2014-ൽ എത്തിയത് ആരൊക്കെ?

2014-ൽ ആദ്യം പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ സാക്ഷ്യം വഹിക്കാൻ എല്ലാ സാർക് നേതാക്കളെയും നരേന്ദ്രമോദി ക്ഷണിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെക്കൂടി ക്ഷണിച്ച മോദിയുടെ അന്നത്തെ നടപടി നയതന്ത്രരംഗത്തെ വലിയ ചുവടുവയ്പായാണ് കണക്കാക്കപ്പെട്ടിരുന്നത്. 

പിന്നീട് നവാസ് ഷെരീഫിന്‍റെ മകളുടെ വിവാഹത്തിൽപ്പോലും പങ്കെടുക്കാൻ മോദി എത്തി. എന്നാൽ അന്നത്തെ സ്ഥിതിയല്ല ഇന്ന്. പിന്നീട് ഇന്ത്യ - പാക് നയതന്ത്രബന്ധം തീരെ വഷളായി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുൽവാമയിൽ ഭീകരാക്രമണം നടന്നതും ഇന്ത്യ ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയതും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത കൂട്ടി. ഇരുരാജ്യങ്ങളും പരസ്പരം പഴി ചാരി. 

ഇത്തവണ പാകിസ്ഥാനെ ഒഴിവാക്കി ബിംസ്റ്റെക് നേതാക്കളെ മാത്രം ക്ഷണിച്ചതിലൂടെ പാകിസ്ഥാന് ഇന്ത്യ കൃത്യമായ സന്ദേശം നൽകുകയാണ്. ഭീകരത അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന സന്ദേശം.