തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലെ 60, 70 നമ്പർ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാഫാം മീണ സ്ഥിരീകരിച്ചത്. ലീഗ് പ്രവർത്തരായ മുഹമ്മദ് ഫായിസ്, അബ്ദുൾ സമദ്, മുഹമ്മദ് കെ എം എന്നിവരാണ് കള്ളവോട്ട് ചെയ്തതായി തെളിഞ്ഞത്.

മുഹമ്മദ് ഫായിസ്

മുഹമ്മദ് ഫായിസ് കള്ളവോട്ട് ചെയ്തത് 70ആം നമ്പർ ബൂത്തിലാണ്. 4.10നാണ് ഇയാൾ പോളിംഗ് ബൂത്തിലെത്തിയത്. 4.16ന് ആദ്യത്തെ വോട്ട് രേഖപ്പെടുത്തി. തുടർന്ന് 4.30ന് ഇയാൾ അറുപത്തിയൊൻപതാം നമ്പർ ബൂത്തിലെത്തി. 4.44ന് രണ്ടാമത്തെ വോട്ട് രേഖപ്പെടുത്തി.

അബ്ദുൾ സമദ്

അബ്ദുൾ സമദ് കള്ള വോട്ട് ചെയ്തത് 69ആം നമ്പർ ബൂത്തിലാണ്. 4.38ന് അബ്ദുൾ സമദ് ബൂത്തിലെത്തി. 4.47ന് ആദ്യ വോട്ട് രേഖപ്പെടുത്തി. 5.27ന് ഇയാൾ വീണ്ടും അതേ ബൂത്തിലെത്തി. 5.29ന് രണ്ടാമത്തെ വോട്ട് രേഖപ്പെടുത്തി. എന്നാൽ അബ്ദുൾ സമദ് തെളിവെടുപ്പിന് ഹാജരാകാതെ ഗൾഫിലേക്ക് കടന്നു. ഇയാൾക്ക് സമൻസ് നൽകിയിട്ടുണ്ട്. പൊലീസിന് അബ്ദുൾ സമദിനെ കണ്ടെത്താനാകാത്ത നിലയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.

മുഹമ്മദ് കെ എം

മുഹമ്മദ് കെ എം 69ആം നമ്പർ ബൂത്തിലാണ് കള്ളവോട്ട് ചെയ്തത്. 4.05നാണ് ഇയാൾ ആദ്യം വോട്ട് ചെയ്യാനെത്തിയത്. 4.08ന് ആദ്യ വോട്ട് ചെയ്തശേഷം പുറത്തിറങ്ങി. തുടർന്ന് 4.15ന് ഇയാൾ ഇതേ ബൂത്തിൽ വീണ്ടുമെത്തി വോട്ട് ചെയ്തു. രണ്ടാം തവണ കമ്പാനിയൻ വോട്ടാണ് ചെയ്തതെന്നാണ് ഇയാൾ നൽകിയ മൊഴി. 5.26ന് മുഹമ്മദ് കെ എം ഇതേ ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാനെത്തി. 5.28ന് മൂന്നാമത്തെ വോട്ട് രേഖപ്പെടുത്തി. രണ്ടാമത്തേയും മൂന്നാമത്തേയും വോട്ടുകൾ കമ്പാനിയൻ വോട്ടാണെന്ന് ഇയാൾ ജില്ലാ കളക്ടർക്ക് മൊഴി നൽകിയെങ്കിലും പിന്നീട് കള്ളവോട്ട് ചെയ്തെന്ന് സമ്മതിക്കുകയായിരുന്നു. കോൺഗ്രസിന്‍റെ ബൂത്ത് ഏജന്‍റിന്‍റെ പ്രേരണപ്രകാരമാണ് കള്ളവോട്ട് ചെയ്തതെന്നാണ് ഇയാൾ നൽകിയ മൊഴി. സക്കീർ എന്ന പ്രവാസിയുടെ വോട്ടാണ് മുഹമ്മദ് കെ എം മൂന്നാമതായി രേഖപ്പെടുത്തിയത്.

ആരോപണ വിധേയനായ ആഷിക്  എന്നയാൾ 4.59 നാണ് പോളിംഗ് സ്റ്റേഷൻ 69ൽ എത്തിയത്. തുടർന്ന് രണ്ടാം പോളിംഗ് ഓഫീസറിന് സമീപം ഇയാൾ നിൽക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. 5.11 ന്  ഇയാൾ വോട്ട് രേഖപ്പെടുത്താതെ പുറത്തേക്ക് പോയി. ഒരു മിനുട്ടിന് ശേഷം ആഷിക് വീണ്ടും പോളിംഗ് ബൂത്തിലെത്തി. 5.14ന് ആഷിക് വോട്ട് രേഖപ്പെടുത്തി. ഹാഷിക് കള്ളവോട്ട് ചെയ്തിട്ടില്ല എന്നാണ് പ്രാധമിക നിഗമനം. എന്നാൽ ഇതേപ്പറ്റി കൂടുതൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു.

കള്ളവോട്ട് ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട മുഹമ്മദ് ഫായിസ്, അബ്ദുൾ സമദ്, മുഹമ്മദ് കെ എം എന്നിവർക്കെതിരെ ജന പ്രാധിനിധ്യ നിയമത്തിന്‍റെ സെക്ഷൻ 171 സി, ഡി, എഫ് വകുപ്പുകൾ പ്രകാരം കേസെടുക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് നിർദ്ദേശം കൊടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കള്ളവോട്ടിന് പ്രേരിപ്പിച്ച കോൺഗ്രസിന്‍റെ ഇലക്ഷൻ ഏജന്‍റിന് എതിരായും കേസെടുക്കാൻ ടിക്കാറാം മീണ നിർദ്ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയോ എന്ന് അന്വേഷണം നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിച്ച് ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. കുറ്റം ബോധ്യപ്പെട്ടാൽ ജനപ്രാധിനിധ്യ നിയമം സെക്ഷൻ 134 പ്രകാരം നടപടിയെടുക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിട്ടേണിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകി. ഇക്കാര്യങ്ങളിൽ കളക്ടർമാർ കാലതാമസം വരുത്തിയാൽ അവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ടിക്കാറാം മീണ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധികാരം ഉപയോഗിച്ച് ഇത്രയുമാണ് തനിക്ക് ചെയ്യാനാവുകയെന്നും ബാക്കി കാര്യങ്ങൾ പൊലീസും കോടതിയും തീരുമാനിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.