പാട്‌ന: ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവിന്റെ മകന്‍ തേജ്‌ പ്രതാപിന്റെ അംഗരക്ഷകരില്‍ നിന്ന്‌ മാധ്യമപ്രവര്‍ത്തകന്‌ ക്രൂരമര്‍ദ്ദനം. കാറിന്റെ ചില്ല്‌ തകര്‍ത്തെന്നാരോപിച്ചാണ്‌ തെരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ ക്യാമറാമാനെ അംഗരക്ഷകര്‍ മര്‍ദ്ദിച്ചത്‌. സംഭവം വിവാദമായതോടെ അംഗരക്ഷകര്‍ തെറ്റ്‌ ചെയ്‌തിട്ടില്ലെന്നും തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തേജ്‌പ്രതാപ്‌ പ്രതികരിച്ചു.

തേജ്‌പ്രതാപ്‌ വോട്ട്‌ ചെയ്‌ത്‌ മടങ്ങുമ്പോഴായിരുന്നു അംഗരക്ഷകര്‍ ക്യാമറാമാനെ മര്‍ദ്ദിച്ചത്‌. വോട്ട്‌ ചെയ്‌ത്‌ മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കാറ്‌ വളഞ്ഞു. ഒരു ക്യാമറാമാന്‍ തന്റെ കാറിന്റെ ചില്ലില്‍ ഇടിയ്‌ക്കുകയായിരുന്നെന്നും തേജ്‌ പ്രതാപ്‌ പൊലീസിനോട്‌ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ തേജ്‌പ്രതാപ്‌ പൊലീസില്‍ പരാതിയും നല്‍കി.

പോളിംഗ്‌ ബൂത്തിന്‌ പുറത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ തന്നെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന്‌ തേജ്‌പ്രതാപ്‌ പിന്നീട്‌ ആരോപിച്ചു.