ബിജെപിയുടേയും ആർഎസ്എസ്സിന്റേയും സജീവപ്രവർത്തകനായ ഗിരിരാജ് സിംഗിന് ദേശീയപതാകയ്ക്ക് പകരം കവിപ്പതാക കൊണ്ടുവരണമെന്നാണ് ആഗ്രഹം.
പറ്റ്ന: പച്ചനിറത്തിലുള്ള കൊടികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിക്കണമെന്നാവശ്യപ്പെട്ട കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ദേശീയപതാകയിലെ പച്ചനിറം നീക്കം ചെയ്യാനും ബിജെപി നേതാവ് ആഗ്രഹിക്കുന്നുണ്ടോ എന്ന് തേജ്വസി യാദവ് ചോദിച്ചു.
ദേശീയപതാകയിലെ പച്ചനിറവും നീക്കം ചെയ്യണമോ എന്ന കാര്യം ഗിരി രാജ് സിംഗ് രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കണം. ബിജെപിയുടേയും ആർഎസ്എസ്സിന്റേയും സജീവപ്രവർത്തകനായ ഗിരിരാജ് സിംഗിന് ദേശീയപതാകയ്ക്ക് പകരം കവിപ്പതാക കൊണ്ടുവരണമെന്നാണ് ആഗ്രഹം. എന്നാൽ ഈ രാജ്യത്തെ ജനങ്ങൾ അതിന് അനുവദിക്കില്ല. പച്ചയും കുങ്കുമവും വെളുപ്പും ചേർന്ന ദേശീയപതാക കാത്തുസൂക്ഷിക്കാൻ നമ്മൾ പോരാടുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ചില മുസ്‌ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുന്ന പച്ചക്കൊടികൾ പാകിസ്ഥാൻ പതാകയോട് സാമ്യമുണ്ടെന്നും അവ വെറുപ്പും വിദ്വേഷവും പടർത്തുകയാണെന്നും അതിനാൽ അവ നിരോധിക്കണമെന്നുമാണ് ഗിരിരാജ് സിംഗ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ബിഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ഗിരിരാജ് സിംഗ്.
