ദില്ലി: പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ഇന്നലെയാണ് ആദ്യമായി വാര്‍ത്താ സമ്മേളനം നടത്തിയത്. എന്നാല്‍, ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ട മോദി ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കിയില്ല.

പാര്‍ട്ടി പ്രസിഡന്‍റ് ഉള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവർത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മോദിയുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യമെന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മോദി മറുപടി പറയാൻ തയ്യാറായില്ല.

വാര്‍ത്താ സമ്മേളനത്തിലെ മോദിയുടെ മൗനത്തെ പരിഹസിച്ചുള്ള ദി ടെലഗ്രാഫ് ദിനപത്രത്തിന്‍റെ ഒന്നാം പേജാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പ്രധാനമന്ത്രി ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനം ശബ്ദ നിരോധിത മേഖലയാണെന്ന് ഹോണടിക്കരുതെന്ന ചിഹ്നം നല്‍കിയാണ് ടെലിഗ്രാഫ് ട്രോളിയത്.

പ്രധാനമന്ത്രി ഉത്തരങ്ങള്‍ നല്‍കാത്തതിനാല്‍ അതിനുള്ള സ്ഥലം ഒഴിച്ചിട്ട പത്രം വാര്‍ത്താസമ്മേളനത്തിലെ മോദിയുടെ വിവിധ ഭാവങ്ങളുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. അതിനൊപ്പം രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണെന്ന് മറ്റൊരു വാര്‍ത്തയും ടെലിഗ്രാഫ് നല്‍കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളനം അവസാനിച്ചതിന് പിന്നാലെ മോദിയുടെ മൗനത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. " അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു.

അടുത്ത തവണ മിസ്റ്റർ ഷാ ചോദ്യങ്ങൾക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി !  " എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.