വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയത്തിനായാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്ന് നേതാക്കളുമായി ചർച്ച നടത്തുന്നത്
ദില്ലി: വയനാട് ഉൾപ്പെടെയുള്ള നാല് സീറ്റുകളിലെ തർക്കം തീർക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഇന്ന് സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച നടത്തും. എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച കെ വി തോമസ് ഇന്ന് സോണിയ ഗാന്ധിയെ കാണും.
വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയത്തിനായാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്ന് നേതാക്കളുമായി ചർച്ച നടത്തുന്നത്. തർക്കമുയർന്നതിനെ തുടർന്ന് ഈ നാല് സീറ്റുകളിലും ഇന്നലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. വയനാട്ടിൽ ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഉമ്മൻചാണ്ടി ശക്തമായി ആവശ്യപ്പെടുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.
ഷാനിമോൾ ഉസ്മാൻ, കെ പി അബ്ദുൾ മജിദ്, പി എം നിയാസ്, എന്നിവരിൽ ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു. വി വി പ്രകാശന്‍റെയും കെ മുരളീധരന്‍റെയും പേരുകളും പരിഗണനാ പട്ടികയിലുണ്ട്. ഇക്കാര്യത്തെ ചൊല്ലി തെരഞ്ഞെടുപ്പ് സമിതിയിലുണ്ടായ തർക്കത്തെ തുടർന്നാണ് വയനാട്ടിലെ പ്രഖ്യാപനം മാറ്റിയത്.
വടകരയിൽ വിദ്യാ ബാലകൃഷ്ണന്‍റെ പേര് പ്രഖ്യാപിക്കാനുള്ള നീക്കത്തേയും ഇത് ബാധിച്ചു. ടി സിദ്ദിഖിന്‍റെ പേര് വടകരയിലേക്ക് നിർദേശിച്ചുവെങ്കിലും അവിടെ സ്ഥാനാർത്ഥിയാകാനില്ലെന്ന നിലപാടിലാണ് സിദ്ദിഖ്. ഷാനിമോൾ ഉസ്മാന്‍റെ പേര് വയനാട്ടിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ആലപ്പുഴയിലേയും ആറ്റിങ്ങലിലേയും പ്രഖ്യാപനം വൈകുന്നത്. ആറ്റിങ്ങലിലേക്ക് നിർദേശിച്ച അടൂർ പ്രകാശിന്‍റെ പേര് ആലപ്പുഴയിലേക്കും പരിഗണിക്കുന്നുണ്ട്. എ എ ഷുക്കൂറിന്‍റെ പേരും ആലപ്പുഴയിൽ പരിഗണനയിലുണ്ട്. ഇതിനിടെ എറണാകുളത്ത് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട കെ വി തോമസ് അതൃപ്തി പരസ്യപ്പെടുത്തിയത് നേതൃത്വത്തിന് തലവേദനയായി.
തെരഞ്ഞെടുപ്പ് സമിതിയിൽ സംസ്ഥാന നേതാക്കൾ ഒന്നടങ്കം എതിർത്തതാണ് തോമസിന് സ്ഥാനാർത്ഥിത്വം നഷ്ടമാക്കിയത്. എറണാകുളം ജില്ലയിലെ എംഎൽഎമാരും തോമസിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കത്ത് നൽകി. ഇതേത്തുടർന്ന് സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യത്തിന് ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു.
എന്നാൽ, സീറ്റ് നിഷേധിച്ചതിനെതിരെ ആഞ്ഞടിച്ച കെ വി തോമസ്, ബിജെപി സഖ്യ സാധ്യത തള്ളിപ്പറയാൻ തയ്യാറാകാതിരുന്നതോടെ അനുനയ നീക്കവുമായി നേതാക്കൾ രംഗത്തെത്തി. അഹമ്മദ് പട്ടേലും മുകുൾ വാസ്നികും കെ വി തോമസിനെ വിളിച്ചു. ദില്ലിയിൽ തുടരാൻ ആവശ്യപ്പെട്ടു. അർഹമായി പാർട്ടി പദവി നൽകി തോമസിനെ അനുനയിപ്പിക്കാനാണ് നീക്കം.
