ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മംഗളഗിരിയിൽ വൈഎസ്ആർ കോൺഗ്രസിനുവേണ്ടി പ്രചാരണം നടത്തുകയായിരുന്ന ജഗ്‍മോഹൻ റെഡ്ഡിയുടെ സഹോദരി ശർമിളയുടെ മോതിരം കവരാൻ പാർ‍ട്ടി പ്രവർത്തകർക്ക് ഇടയിൽ നിന്ന് ഒരാൾ ശ്രമിച്ചത്. വാഹനത്തിലിരുന്ന് അണികളെ അഭിവാദ്യം ചെയ്യുകയായിരുന്ന ശർമിള പ്രവർത്തകർക്ക് ഹസ്തദാനം നൽകുന്നതിനിടെയാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് മോഷ്ടാവ് കൈ പിടിച്ച് മോതിരം ഊരിയെടുക്കാൻ നോക്കിയത്.

വീഡിയോ കാണാം

മോതിരം ബലമായി വലിച്ചൂരാൻ ശ്രമിക്കുമ്പോൾ വൈ എസ് ശർമിള ചെറുക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ശർമിളയുടെ മോതിരം നഷ്ടപ്പെട്ടോ ഇല്ലയോ എന്ന് വീഡിയോയിൽ വ്യക്തമല്ല. അസ്വസ്ഥമായ മുഖഭാവത്തോടെ ശർമിള കൈ വിടുവിക്കാൻ ശ്രമിക്കുന്നതിനിടെ അവർ സഞ്ചരിച്ചിരുന്ന ബസ് മുന്നോട്ട് നീങ്ങുകയായിരുന്നു.  സംഭവത്തെക്കുറിച്ച് പ്രതികരിക്കാനും ശർമിള തയ്യാറായിട്ടില്ല.

ജഗൻ ആരാധകർ ശർമിളയുടെ മോതിരം മോഷ്ടിച്ചുവെന്ന പരിഹാസവുമായി ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വൈ എസ് രാജശേഖര റെഡ്ഢിയുടെ മരണശേഷം 2012ലാണ് വെ എസ് ശർമിള രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. വൈ എസ് ജഗ്‍മോഹൻ റെഡ്ഢിക്കുവേണ്ടി പ്രചാരണ രംഗത്ത് ശർമിള സജീവമാണ്.