വോട്ടെടുപ്പ് ദിനത്തിൽ റോഡ് ഷോയും നടത്തിയതിലും പ്രസ്താവന പുറപ്പെടുവിച്ചതിലും മോദിക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
ഡൽഹി: മൂന്നാം ഘട്ടത്തിൽ രേഖപ്പെടുത്തിയത് ഭേദപ്പെട്ട പോളിംങ്. വൈകീട്ട് അഞ്ചര വരെ 61.31 ശതമാനമാണ് പോളിംങ്. പോളിംങ് ദിനത്തിൽ റോഡ് ഷോയും നടത്തിയതിലും പ്രസ്താവന പുറപ്പെടുവിച്ചതിലും മോദിക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. രാഹുലിനെതിരെ എൻഡിഎയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
ആദ്യ രണ്ട് ഘട്ടങ്ങളിലേത് പോലെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടയിലും പരക്കെ അക്രമമുണ്ടായി. ബംഗാളിലെ മുര്‍ഷിദാബാദിലാണ് കോണ്‍ഗ്രസ് തൃണമൂൽ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയിൽപ്പെട്ടു പോയ തിയാറുള്‍ കലാം എന്നയാൾ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ദോംകൽ നഗരസഭയിൽ ബോംബേറിൽ മൂന്നു തൃണമൂൽ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബാലുര്‍ ഘട്ട് മണ്ഡലത്തിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ബാബുലാൽ മുര്‍മുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കേന്ദ്ര സേന ബിജെപി പ്രവര്‍ത്തകരെപ്പോലെ പെരുമാറുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. എസ്പിയുടെ സൈക്കിള്‍ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് യുപിയിലെ മൊറാദാബാദിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഉത്തർപ്രദേശ്, അസം, ഗോവ, ഒഡിഷ്യ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തകരാറുണ്ടായി.
യന്ത്രത്തകരാറോ താമരയിൽ മാത്രം വോട്ടു വീഴുന്ന പ്രശ്നമോ ഉണ്ടെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പരാതിപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി. അമ്മ ഹീരബെൻ മോദിയെ കണ്ട ശേഷമാണ് പ്രധാനമന്ത്രി വോട്ടു ചെയ്യാനെത്തിയത്. ഹിന്ദുത്വവും ദേശീയതയും വോട്ട് വിഷയമാക്കാൻ വോട്ടര്‍മാരോട് മോദി പരോക്ഷമായി ആവശ്യപ്പെട്ടു. കുംഭമേളയിൽ പുണ്യ സ്നാനം ചെയ്തതു പോലെയുള്ള അനുഭൂതിയാണ് തനിക്ക് വോട്ട് ചെയ്തപ്പോഴന്നായിരുന്നു മോദിയുടെ പ്രതികരണം. തീവ്രവാദികളുടെ ആയുധമായി ബോംബിനെക്കാള്‍ ശക്തിയുണ്ട് വോട്ടര്‍ ഐഡിക്കെന്ന പ്രതികരണം ചട്ട ലംഘനമെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി.
രാജ്യത്ത എല്ലാവര്‍ക്കും ന്യായ് കിട്ടണമെന്നാശിക്കുന്ന യുവവോട്ടര്‍മാര്‍ ബുദ്ധി പൂര്‍വം വോട്ട് ചെയ്യുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെ്യ്തു. പ്രതികരണം പോളിംങ് ദിനത്തിൽ വോട്ടര്‍മാരെ സ്വാധീനിക്കുന്നതെന്ന് ആരോപിച്ച് എൻഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
