ജോസഫ് മാണി തർക്കം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടിക്ക് പിന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ്. രണ്ട് സീറ്റെന്ന നിലപാടിൽ പാർട്ടി ഉറച്ച് നിൽക്കുന്നുവെന്ന് ജോസ് കെ മാണി വ്യക്തമാക്കി

കോട്ടയം: കേരള കോൺഗ്രസ് കോൺഗ്രസ് മൂന്നാം ഘട്ടഉഭയകക്ഷിചർച്ച നാളെ നടക്കാനിരിക്കെ രണ്ട് സീറ്റിൽ ഉറച്ച് നിൽക്കുന്നതായി പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കി. സീറ്റ് സംബന്ധിച്ച് ധാരണയായ ശേഷം സ്ഥാനാർത്ഥി നിർണ്ണയമെന്ന നിലപാടാണ് മാണി ഗ്രൂപ്പിനുള്ളത്. രണ്ട് സീറ്റെന്ന നിലപാടിൽ തട്ടി രണ്ട് പ്രാവശ്യം പരാജയപ്പെട്ട ഉഭയകക്ഷി ചർച്ചയാണ് നാളെ വീണ്ടും നടക്കുന്നത്. 

രണ്ടാം സീറ്റില്ലെന്ന് കോൺഗ്രസ് കൃത്യമായി പറഞ്ഞ് കഴിഞ്ഞു. എന്നാൽ ജോസഫ് മാണി തർക്കം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടിക്ക് പിന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ്. രണ്ട് സീറ്റെന്ന നിലപാടിൽ പാർട്ടി ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കി ജോസ് കെ മാണി വീണ്ടും രംഗത്ത് വന്നത് ഈ സാഹചര്യത്തിലാണ്. 

ഇതിനിടെ മാണി വിഭാഗം ജോസഫിനെ അനുനയിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങൾ ഇതിനിടെ തുടരുന്നുണ്ട്. ജോസഫ് വിഭാഗം നിലപാടിൽ അയവ് വരുത്തുമെന്നാണ് മാണി വിഭാഗം പ്രതീക്ഷിക്കുന്നത്. പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും അതിനെ പിന്തുണക്കാൻ മാണി വിഭാഗം ഒട്ടും തയ്യാറല്ല. 

കോട്ടയം സീറ്റിൽ പി ജെ ജോസഫിനെ മത്സരിപ്പിക്കണമെന്ന് മുതിർന്ന ചില കോൺഗ്രസ് നേതാക്കൾക്കും താലപര്യമുണ്ട്. ഇവർക്ക് കൂടിയുള്ള മറുപടിയാണ് ജോസ് കെ മാണി നൽകിയത്. നാളത്തെ ഉഭയകക്ഷി ചർച്ചയിൽ അത്ഭുതമൊന്നും കേരളകോൺഗ്രസും പ്രതീക്ഷിക്കുന്നില്ല. അതിനാൽ ഉഭയകക്ഷി ചർച്ച ശേഷം പാർട്ടിയുടെ നേതൃയോഗം മതിയെന്നാണ് മാണി വിഭാഗത്തിന്റ തീരുമാനം.