പരീക്ഷണ പറക്കലിനായി ഹെലികോപ്റ്റർ എത്തുന്നുവെന്ന് അറിഞ്ഞതോടെ തിരുനെല്ലി ഗ്രാമവാസികൾ ഒന്നാകെ സ്കൂൾ മുറ്റത്തേക്ക് ഒഴുകിയെത്തി.
വയനാട്: നാട്ടിൽ ആദ്യമായി ഒരു ഹെലികോപ്റ്റർ ഇറങ്ങിയതിന്‍റെ ആഹ്ളാദത്തിലാണ് വയനാട്ടിലെ തിരുനെല്ലി നിവാസികൾ. രാഹുൽ ഗാന്ധിയുടെ ക്ഷേത്ര ദർശനത്തിന് മുന്നോടിയായെത്തിയ ഹെലികോപ്റ്ററാണ് തിരുനെല്ലിക്കാരെ ആഹ്ളാദത്തിലാക്കിയത്. നാട്ടിൽ ആദ്യമായെത്തിയ ഹെലികോപ്റ്ററിനെ കാണാൻ നൂറു കണിക്കിന് ആളുകളാണ് തിരുനെല്ലി ഗ്രാമത്തിൽ തടിച്ചുകൂടിയത്.
തിരുനെല്ലി ക്ഷേത്രത്തിലെത്താൻ രാഹുൽ ഗാന്ധി തീരുമാനിച്ചപ്പോൾ പൊലീസിനെയും എസ്‍പിജിയെയും വലച്ച ആദ്യ പ്രശ്നം ഹെലികോപ്റ്റർ ഇറങ്ങാൻ ഒരു ഗ്രൗണ്ടില്ല എന്നതായിരുന്നു. പ്രയാസം അറിയിച്ചെങ്കിലും രാഹുൽ തീരുമാനത്തിൽ ഉറച്ച് നിന്നതോടെ ക്ഷേത്രത്തിൽ നിന്നും നാല് കിലോമീറ്റർ മാറിയുള്ള എസ്എപി യുപി സ്കൂളിന്‍റെ ചെറിയ മുറ്റം രാഹുലിന് ഇറങ്ങാനായി കണ്ടെത്തി.
ധ്രുതഗതിയിൽ ഒരുക്കങ്ങൾ നടത്തി. പരീക്ഷണ പറക്കലിനായി ഹെലികോപ്റ്റർ എത്തുന്നുവെന്ന് അറിഞ്ഞതോടെ തിരുനെല്ലി ഗ്രാമവാസികൾ ഒന്നാകെ സ്കൂൾ മുറ്റത്തേക്ക് ഒഴുകിയെത്തി. കാത്തിരിപ്പിനൊടുവിൽ തിരുനെല്ലിയിലെ കൊച്ചു മൈതാനത്ത് കോപ്റ്റർ പറന്നിറങ്ങി.
രാഹുലിന്‍റെ വരവോടെ തിരുനെല്ലിയിൽ വലിയ മാറ്റം വരുമെന്നാണ് തിരുനെല്ലിയിലെ ഒരു വിഭാഗത്തിന്‍റെ വിശ്വാസം. അതേസമയം ഹെലികോപ്റ്ററിന്‍റെ കാറ്റടിച്ച് കൃഷി നശിച്ചെന്നും ചിലർ പരാതിപ്പെട്ടു.
തിരുനെല്ലിയിലെ ജനസംഖ്യയിൽ പകുതിയിലേറെയും ആദിവാസികളാണ്. ഒരു കാലത്ത് ജന്മിത്തം കൊടികുത്തി വാണിരുന്ന ഇവിടം നക്സലൈറ്റ് പോരാട്ടങ്ങൾക്കും വേദിയായിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ളതിനാൽ പൊലീസ് സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ചിട്ടും അതെല്ലാം അവഗണിച്ചെത്തുന്ന രാഹുലിൽ ഇവിടുത്തെ ഒരു വിഭാഗം ആളുകൾക്കെങ്കിലും പ്രതീക്ഷയുണ്ട്.
