തിരുവനന്തപുരം; ദേശീയ മാധ്യമങ്ങളുടെ സര്‍വ്വെ ഫലം ശരിവയ്ക്കുന്നതാണ് കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ സര്‍വ്വയും പറയുന്നത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും യു ഡി എഫ് മുന്നേറ്റം പ്രവചിക്കുന്ന മനോരമ ന്യൂസ് - കാര്‍വി എക്സിറ്റ് പോള്‍ ഫലം തെക്കന്‍ കേരളത്തില്‍ ഇടതുപക്ഷം പിടിച്ചുനില്‍ക്കുമെന്നാണ് പറയുന്നത്. ആലപ്പുഴയില്‍ ഫോട്ടോഫിനിഷെന്ന് പറയുന്ന സര്‍വ്വെ ആറ്റിങ്ങലില്‍ ഇടതു സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും വ്യക്തമാക്കുന്നു.

ആലപ്പുഴയില്‍ ഫോട്ടോ ഫിനിഷാണെങ്കിലും ഇടതു സ്ഥാനാര്‍ത്ഥി ആരിഫിനാണ് മുന്‍ തൂക്കം നല്‍കുന്നത്. ആറ്റിങ്ങളില്‍ എ സമ്പത്ത്, അടൂര്‍ പ്രകാശിനെ വ്യക്തമായ ഭൂരിപക്ഷത്തിനാകും പരാജയപ്പെടുത്തുക. അതേസമയം സംസ്ഥാനത്ത് ത്രികോണ പോരാട്ടം നടന്ന രണ്ട് മണ്ഡലങ്ങളടങ്ങിയ തെക്കന്‍ കേരളത്തിലെ ഫലം ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പത്തനം തിട്ടയില്‍ കെ സുരേന്ദ്രന്‍ പരാജയപ്പെടുമെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാകും. അതേസമയം തിരുവനന്തപുരത്ത് ഫോട്ടോഫിനിഷാണെന്നാണ് മനോരമയുടെ പ്രവചനം. എന്‍ ഡി എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നേരിയ മുന്‍തൂക്കം സര്‍വ്വെ നല്‍കുന്നുണ്ട്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ കടുത്ത പോരാട്ടം നടത്തുന്നതിനാല്‍ ഇടതു സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവരും.

മാവേലിക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷും പത്തനം തിട്ടയില്‍ തൃകോണ പോരാട്ടത്തില്‍ ആന്‍റോ ആന്‍റണിയും കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനും സര്‍വ്വെ വിജയം പ്രവചിക്കുന്നു. തെക്കന്‍ കേരളത്തില്‍ ആകെയുള്ള ആറ് സീറ്റുകളില്‍ മൂന്നിടത്ത് യു ഡി എഫും ഒരിടത്ത് എല്‍ ഡി എഫും വിജയിക്കുമെന്ന് പറയുന്ന സര്‍വ്വെ രണ്ടിടത്ത് ഫോട്ടോഫിനിഷാണെന്നാണ് പറയുന്നത്.

അതേസമയം മധ്യകേരളത്തിലെ ഒരു മണ്ഡലങ്ങളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് സാധ്യതയെങ്കിലും സര്‍വ്വെ നല്‍കുന്നത്. തൃശൂരില്‍ മാത്രമാണ് മനോരമ സര്‍വ്വെ ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നത്. ഇവിടെ വിജയം പ്രവചിക്കുന്നില്ലെങ്കിലും ഫോട്ടോഫിനിഷാണെന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. സുരേഷ് ഗോപി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായെത്തിയത് ഇടതു സ്ഥാനാര്‍ത്ഥി രാജാജി മാത്യുവിന് ഗുണം ചെയ്യുമോയെന്ന് കണ്ടറിയണം.

ചാലക്കുടി, എറണാകുളം. ഇടുക്കി, കോട്ടയം. ആലത്തൂര്‍ മണ്ഡലങ്ങളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും സര്‍വ്വെ പറയുന്നു. മധ്യകേരളത്തില്‍ ആകെയുള്ള ആറ് സീറ്റുകളില്‍ ആറും കൈവിടാനുള്ള സാധ്യതയും മനോരമ സര്‍വ്വെ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം വടക്കന്‍ കേരളത്തില്‍ യു ഡി എഫ് തരംഗമെന്നാണ് സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. കാസര്‍ഗോഡ് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ സതീഷ് ചന്ദ്രനെയും വടകരയില്‍ കെ മുരളീധരന്‍ പി ജയരാജനെയും പരാജയപ്പെടുത്തുമെന്ന് മനോരമ സര്‍വ്വെ പറയുന്നു. കണ്ണൂരില്‍ ആര്‍ക്കും വ്യക്തമായ ജയസാധ്യത പറയാത്ത സര്‍വ്വെ ഫോട്ടോഫിനിഷിലാണ് കാര്യങ്ങളെന്നാണ് ചൂണ്ടാകാട്ടുന്നത്. കോഴിക്കോടും സമാനസാഹചര്യമെന്നാണ് സര്‍വ്വെ പറയുന്നത്. വയനാട്ടില്‍ രാഹുല്‍ മാജിക്ക് ഉണ്ടാകുമെന്നും സര്‍വ്വെ പറയുന്നു.

പൊന്നാനിയിലും മലപ്പുറത്തും മുസ്ലീംലീഗ് വിജയം തുടരും. പാലക്കാട് എം ബി രാജേഷ് വിജയം ആവര്‍ത്തിക്കുമെന്നും സര്‍വ്വെ പറയുന്നു. ഇടതുപക്ഷത്തിന് വടക്കന്‍ കേരളത്തില്‍ ഉറപ്പുള്ള ഒരേ ഒരു സീറ്റ് പാലക്കാടാണെന്നാണ് സര്‍വ്വെ പറയുന്നത്. ആകെയുള്ള എട്ട് സീറ്റില്‍ അ‍ഞ്ചിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് ഫോട്ടോ ഫിനിഷെന്നുമാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.