കോട്ടയം: യുഡിഎഫിന്‍റെ മുന്നേറ്റമാണ് കേരളത്തിലെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. കേരളത്തിലേത് ജനങ്ങളുടെ വിജയമാണെന്നും ജനഹിതം നിറവേറിയെന്നും തോമസ് ചാഴികാടന്‍ പ്രതികരിച്ചു. മാണി സാര്‍ ആണ് എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്, അദ്ദേഹത്തിന്‍റെ ആത്മാവ് ഞങ്ങളുടെ ഒപ്പമുണ്ട് എന്നതിന് യാതൊരു സംശയവുമില്ലെന്നും തോമസ് ചാഴികാടന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യുഡിഎഫും കേരള കോണ്‍ഗ്രസും ഒരുമിച്ച് നേടിയ വിജയമാണ് കോട്ടയത്തെ ഭൂരിപക്ഷമെന്നും ജനങ്ങള്‍ കൂടെയുണ്ടെന്നതിന്റെ തെളിവാണിതെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു. മാണി സാര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുതല്‍ ജോസ് കെ മാണിയും ഉമ്മന്‍ചാണ്ടിയും അടക്കം മുഴുവന്‍ യുഡിഎഫ് നേതാക്കളും ഒപ്പം നിന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

കെ എം മാണിയുടെ മരണത്തിന് ശേഷം നടക്കുന്ന ആദ്യ തെര‍ഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ വന്‍ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. ഒടുവിലായി മാണി തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയായിരുന്നു തോമസ് ചാഴികാടന്‍. ഏറെ വിവാദമുണ്ടാക്കിയ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായിരുന്നു ഇത്. കെ എം മാണി അവസാനമായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി എന്നായിരുന്നു യുഡിഎഫിന്‍റെ പ്രചാരണവും.

മാണി സാറിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ശരിയായിരുന്നുവെന്ന് തെളിയിക്കുകയാണ് മണ്ഡലത്തിലെ മുന്നേറ്റമെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. കോട്ടയത്ത് മാത്രമല്ല, കേരളത്തില്‍ ഒറ്റെക്കെട്ടായാണ് യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മുമ്പെങ്ങും ഇല്ലാത്ത വിധത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. അതിന്‍റെ മുന്നേറ്റമാണ് മണ്ഡലത്തില്‍ കാണുന്നതെന്നും ജോസ് കെ മാണി പറ‍ഞ്ഞു. ജനാധിപത്യപരമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് മണ്ഡലത്തില്‍ മാണി നടത്തിയത്. മണ്ഡലത്തില്‍ എടുത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ട് കൊണ്ടുപോകണം. അതിന് തോമസ് ചാഴികാടന് കഴിയുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുവെന്നും ജോസ് കെ മാണി വ്യക്തമാക്കി.