തൃശൂരില്‍ മത്സരിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി സമ്മതിച്ചതായി സൂചന. ദില്ലി ചര്‍ച്ചയിൽ ബിജെപി നേതൃത്വത്തെ സന്നദ്ധത അറിയിച്ചു. സീറ്റ് നിർണ്ണയത്തെ ചൊല്ലി ബിജെപിയിൽ കടുത്ത തർക്കം, അനിശ്ചിതത്വം.

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തൃശൂർ മണ്ഡലത്തിൽ മത്സരിച്ചേക്കും. ദില്ലിയില്‍ നടന്ന ചര്‍ച്ചയിൽ ബിജെപി നേതൃത്വത്തെ സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം.

തുഷാര്‍ മത്സരിക്കാന്‍ തയ്യാറായാല്‍ 'എ ക്ലാസ് സീറ്റ്' എന്ന് ബിജെപി വിശേഷിപ്പിക്കുന്ന തൃശൂര്‍ ബിഡിജെഎസിന് നല്‍കാന്‍ തയ്യാറാണെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് തുഷാര്‍ വെള്ളാപ്പള്ളി ശ്രമിച്ചത്. ബിജെപി കേന്ദ്ര നേതൃത്വം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും തുഷാര്‍ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നില്ല.

അതേസമയം, സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബി ജെ പിയില്‍ കടുത്ത അനിശ്ചിതത്വം തുടരുകയാണ്. നിലവിലെ പട്ടികയിൽ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. താൽപ്പര്യമുള്ള മണ്ഡലങ്ങൾ ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന് കൂടുതൽ നേതാക്കൾ നിലപാട് കടുപ്പിച്ചതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്. പത്തനംതിട്ടയോ തൃശൂരോ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു. പാലക്കാട്ട് ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്നായിരുന്നു ആദ്യധാരണ. എന്നാൽ അവസാനം ആറ്റിങ്ങലിലേക്ക് മാറണമെന്ന് നിർദ്ദേശം ഉയർന്നപ്പോൾ പറ്റില്ലെന്ന് തീര്‍ത്ത് പറയുകയാണ് ശോഭാ സുരേന്ദ്രൻ. കോഴിക്കോടില്ലെങ്കിൽ മത്സരിക്കാനേ ഇല്ലെന്ന നിലപാടിലാണ് എംടി രമേശ്. ഗ്രൂപ്പ് സമവാക്യങ്ങൾ ചേരാത്തതിന്‍റെ അനിശ്ചിതത്വം വേറെ. മുൻ നിര നേതാക്കളെല്ലാം ഇടഞ്ഞതോടെ തീരുമാനം എടുക്കാനാകാതെ കുഴങ്ങുകയാണ് കേന്ദ്ര നേതൃത്വം.

അതേസമയം ആരെല്ലാം മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ബിജെപിയിലേക്ക് ആരു വന്നാലും ഗുണം ചെയ്യുമെന്ന് പ്രതികരിച്ച കുമ്മനം രാജശേഖരന്‍ പത്തനംതിട്ട സീറ്റിൽ തർക്കമില്ലെന്നും പറയുന്നു. ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണൻ മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ ധാരണ. കുമ്മനം രാജശേഖൻ തിരുവനന്തപുരത്തും പി സി തോമസ് കോട്ടയത്തും മത്സരിക്കുമെന്ന് ധാരണ ആയത് ഒഴിച്ച് നിര്‍ത്തിയാൽ സമ്പൂര്‍ണ്ണ അനിശ്ചിതത്വമാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് നിലനിൽക്കുന്നത്