Asianet News MalayalamAsianet News Malayalam

തുഷാര്‍ സ്ഥാനാര്‍ത്ഥിയോ? ബിഡിജെഎസ് നേതൃയോഗം ചേര്‍ത്തലയിൽ

ബിജെപി നേതാക്കളടക്കം മല്‍സരിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി മാറി നില്‍ക്കുന്നത് ഉചിതമാകില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ‍ തന്നെ തുഷാറിനോട് പറഞ്ഞുകഴിഞ്ഞു. 

Thushar Vellappally may contest in loksabha election 2019
Author
Alappuzha, First Published Mar 4, 2019, 8:27 AM IST

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജന ചര്‍ച്ചകളിൽ അനുവദിച്ച് കിട്ടിയ നാല് സീറ്റിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താൻ ബിഡിജെഎസിന്റെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ നടക്കും. തുഷാര്‍ വെള്ളാപ്പള്ളിയുടെ മത്സര സാധ്യത തന്നെയാകും പ്രധാന ചര്‍ച്ചാ വിഷയം. ബിജെപി നേതാക്കളടക്കം മല്‍സരിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ എന്‍ഡിഎ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി മാറി നില്‍ക്കുന്നത് ഉചിതമാകില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ‍ തന്നെ തുഷാറിനോട് പറഞ്ഞുകഴിഞ്ഞു. മല്‍സരിക്കാന്‍ താല്‍പര്യമില്ലാത്ത തുഷാര്‍ എസ്എന്‍ഡിപിയോഗം ഭാരവാഹിയാണെന്ന പേര് പറ‍ഞ്ഞാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്.

നാല് സീറ്റുകളാണ് ബിജെപി ബിഡിജെഎസിന് നിലവില്‍ നല്‍കിയിരിക്കുന്നത്. ഇടുക്കി വയനാട് ആലത്തൂര്‍ എറണാകുളം സീറ്റുകള്‍. ആരൊക്കെ ഇവിടെ മല്‍സരിക്കണമെന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. തുഷാര്‍ മല്‍സരിക്കുകയാണെങ്കില്‍ തൃശൂര്‍ പോലെ കൂടുതല്‍ വോട്ടുകള്‍ കിട്ടാന്‍ സാധ്യതയുള്ള സീറ്റുകൂടി കിട്ടുമെന്നതിനാല്‍ മല്‍സരിക്കണമെന്ന് തന്നെയാണ് ബിഡിജെഎസിലെ വലിയൊരു വിഭാഗത്തിന്‍റെയും നിലപാട്.

വെള്ളാപ്പള്ളി നടേശന്‍റെ ഇടതനുകൂല സമീപനം ബിഡിജെഎസ് അണികളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി നേരിട്ട് വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് എത്തിയത്. ഇതോടു കൂടി വെള്ളാപ്പള്ളി നടേശനില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്ന ബിഡിജെഎസ് അണികളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാത്ത അവസ്ഥയിലാണ് ബി‍ഡിജെഎസ് നേതൃത്വം. തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരത്തെ ബിഡിജെഎസിലുണ്ടായ പിളര്‍പ്പും യോഗത്തില്‍‍ ചര്‍‍ച്ചാ വിഷയമാകും.

Follow Us:
Download App:
  • android
  • ios